ഇന്ത്യന്‍ സീനിയര്‍ ബാറ്റര്‍മാരായ വിരാട് കോഹ്ലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും ടെസ്റ്റ് ക്രിക്കറ്റിലെ സമീപകാല ഫോം പരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഓസീസ് മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. മറ്റ് നിരവധി കളിക്കാര്‍ അവരുടെ ഊഴത്തിനായി കാത്തിരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹോഗിന്റെ നിരീക്ഷണം.
കോഹ്‌ലിക്കും പൂജാരയ്ക്കും കുറച്ചുകൂടി സമയം നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) വരാനിരിക്കുന്ന സീസണിന് ശേഷം ചെറിയ ഇടവേള ലഭിച്ചാല്‍ കോഹ്ലി ഫോമിലേക്ക് തിരിച്ചുവരുമെന്നും ബ്രാഡ് ഹോഗ് വിലയിരുത്തി.
വിരാട് കോഹ്ലിയും ചേതേശ്വര് പൂജാരയും ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ചുറ്റിക്കറങ്ങുന്ന പ്രതിഭകള്‍ക്കൊപ്പം നിരീക്ഷണത്തിലാണെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ഐപിഎല്ലിന് ശേഷം മാന്യമായ ഇടവേള ലഭിക്കുമ്പോള്‍, വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച പ്രകടനം നിങ്ങള്‍ വീണ്ടും കാണും- ഹോഗ് പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്ലി റണ്‍സു കണ്ടെത്താന്‍ പാടുപെടുകയാണ്. മാന്യമായ തുടക്കം ലഭിച്ചെങ്കിലും അവ വലിയ സ്‌കോറുകളാക്കി മാറ്റുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്നായി 22.20 ശരാശരിയില്‍ 111 റണ്‍സാണ് ഇന്ത്യന്‍ മുന്‍ നായകന്‍ നേടിയത്.
ചേതേശ്വര്‍ പൂജാരയാകട്ടെ, ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ തന്റെ ബാറ്റിംഗ് മികവ് കൊണ്ട് പലരെയും ആകര്‍ഷിച്ചു. ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ 142 പന്തില്‍ 59 റണ്‍സാണ് സീനിയര്‍ താരം നേടിയത്.