2021 ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ വിജയം രാജ്യത്തിന് ഉണ്ടാക്കിയ വൻ ആഘാതത്തെക്കുറിച്ച് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്വാൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) നടന്ന ടൂർണമെന്റിന്റെ സൂപ്പർ 12 ഘട്ടത്തിൽ ആകിസ്താൻ ഇന്ത്യക്കെതിരെ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.
55 പന്തിൽ പുറത്താകാതെ 79 റൺസുമായി ആ മത്സരത്തിൽ തിളങ്ങിയ താരം പിന്നീട് ടി20 യിൽ ലോക ഒന്നാം നമ്പർ താരമായി വളരുന്നതിലേക്ക് കാര്യങ്ങൾ എത്തി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. മെൻ ഇൻ ബ്ലൂയ്‌ക്കെതിരായ ലോകകപ്പ് തോൽവികളുടെ പരമ്പര പാകിസ്ഥാൻ അവസാനിപ്പിച്ചതിന് ശേഷം കടയുടമകൾ പണം വാങ്ങുന്നത് നിർത്തിയെന്ന് വെളിപ്പെടുത്തിക്കൊണ്ട് റിസ്വാൻ സ്കൈ സ്‌പോർട്‌സ് ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു:
“ഞങ്ങൾ ഇന്ത്യയ്‌ക്കെതിരെ വിജയിച്ചപ്പോൾ, അത് എനിക്ക് ഒരു മത്സരം മാത്രമാണെന്നാണ് ഞാൻ കരുതിയത്. കാരണം ഞങ്ങൾ ആ കളി അനായാസം ജയിച്ചു. പക്ഷേ, പാക്കിസ്ഥാനിൽ വന്നപ്പോഴാണ് അതിന്റെ അർത്ഥം മനസ്സിലായത്. എപ്പോൾ കടയിൽ പോയാലും അവർ എന്നിൽ നിന്ന് പണം വാങ്ങില്ല. അവർ പറയും, ‘നീ പോകൂ, പോകൂ. ഞാൻ നിങ്ങളിൽ നിന്ന് പണം വാങ്ങില്ല!”
ലോകകപ്പിൽ ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ ആദ്യം ജയം കൂടി ആയിരുന്നു അന്ന് പിറന്നത്.