കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫെയ്സ്ബുക്ക് പേജില്‍ യാഷ് ദയാലിനെ ആശ്വസിപ്പിക്കുന്ന കുറിപ്പ് വന്നിട്ടുണ്ട്. അത് കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു. കെ.കെ.ആര്‍ പറയുന്നു -”തല ഉയര്‍ത്തിപ്പിടിക്കൂ ദയാല്‍. ഇതുപോലുള്ള കഠിനമായ ദിവസങ്ങള്‍ എല്ലാ ക്രിക്കറ്റര്‍മാര്‍ക്കുമുണ്ടാകും. ഒരു ചാമ്പ്യനായ നിങ്ങള്‍ ശക്തനായി തിരിച്ചുവരും..” ഇതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. കളിയിലെ വീറും വാശിയും മൈതാനത്തില്‍ തന്നെ തീരണം. ഗ്രൗണ്ട് വിട്ടാല്‍ കൊല്‍ക്കത്ത കാണിച്ച ആറ്റിറ്റിയൂഡ് ആണ് വേണ്ടത്.
ലോകം എപ്പോഴും ജയിക്കുന്നവരുടെ കൂടെയാണ്. അഞ്ച് സിക്‌സറുകള്‍ അടിച്ച് കളി ഫിനിഷ് ചെയ്ത റിങ്കു സിങ്ങ് എല്ലാവരാലും വാഴ്ത്തപ്പെട്ടു. അയാള്‍ അത് അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍ അഞ്ച് സിക്‌സറുകള്‍ വഴങ്ങിയ ദയാലിനെക്കുറിച്ച് എത്ര പേര്‍ ചിന്തിച്ചുകാണും? കളി കഴിഞ്ഞപ്പോള്‍ അയാള്‍ ആകെ മരവിച്ച് മുഖം കൈകള്‍ കൊണ്ട് മറച്ച് ഇരിക്കുകയായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഓരോ ക്രിക്കറ്റര്‍മാരും ടോപ് ലെവലില്‍ എത്തുന്നത്. ആരും ബോധപൂര്‍വ്വം മോശമായി കളിക്കില്ല. ചില ദിവസങ്ങളില്‍ ഭാഗ്യം നമ്മുടെ കൂടെയുണ്ടാവില്ല. അത്രയേ ഉള്ളൂ.
മോശമായി കളിച്ചാല്‍ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. പക്ഷേ അതിലപ്പുറമുള്ള ഒരു വെറുപ്പും അത്‌ലീറ്റുകള്‍ അര്‍ഹിക്കുന്നില്ല. അവസാന പന്ത് എറിഞ്ഞുകഴിഞ്ഞാല്‍ ജേതാവിനോടൊപ്പം പരാജിതനെയും നാം ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. ചേതന്‍ ശര്‍മ്മയുടെ അവസാന പന്തില്‍ സിക്‌സര്‍ പായിച്ചിട്ടാണ് പാക്കിസ്ഥാന്റെ ജാവേദ് മിയാന്‍ദാദ് ഇന്ത്യയില്‍നിന്ന് ഓസ്ട്രലേഷ്യ കപ്പ് തട്ടിയെടുത്തത്.
ഇന്നും ചേതന്‍ അതിന്റെ പേരില്‍ പരിഹസിക്കപ്പെടുന്നു. 2007 ടി-20 ലോകകപ്പിന്റെ ഫൈനലില്‍ സ്‌കൂപ്പ് കളിച്ച മിസ്ബാ ഉല്‍ ഹഖിനോട് പാക്കിസ്ഥാനികള്‍ ഇപ്പോഴും ക്ഷമിച്ചിട്ടില്ല. ഇനിയൊരു ചേതനും മിസ്ബയും ഉണ്ടായിക്കൂടാ. യാഷ് ദയാലുമാര്‍ക്ക് ആശ്വാസം പകരുന്ന ഒരു ലോകമാണ് രൂപപ്പെടേണ്ടത്..