വ്യാഴാഴ്ച പെർത്തിൽ പരിശീലന സെഷനിൽ പരിക്ക് പറ്റിയ ഇന്ത്യൻ ബാറ്റർ സർഫറാസ് ഖാൻ കളിക്കളത്തിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നു. റിപ്പോർട്ടുകൾ പ്രകാരം, വലംകൈയ്യൻ താരത്തിന്റെ കൈക്ക് പരിക്ക് പറ്റുകയായിരുന്നു. നായകൻ രോഹിത് ശർമ്മ ഒഴികെയുള്ള ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. നവംബർ 22 മുതൽ പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഓപ്പണിംഗ് ടെസ്റ്റിനായി തയ്യാറെടുക്കുകയാണ്. ന്യൂസിലൻഡിനെതിരായ 3-0 ന് വൈറ്റ്‌വാഷിനെ തുടർന്ന് വലിയ നാണക്കേട് കഴിഞ്ഞാണ് ഇന്ത്യ എത്തുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, വ്യാഴാഴ്ച നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ സർഫറാസിൻ്റെ കൈമുട്ടിന് പരിക്കേറ്റു. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ പരിക്കിൻ്റെ വ്യാപ്തിയെക്കുറിച്ച് പ്രത്യേക അപ്‌ഡേറ്റ് ഒന്നുമില്ല. ഫോക്സ് ക്രിക്കറ്റ് അവരുടെ എക്‌സ് ഹാൻഡിൽ പങ്കിട്ട ഒരു വീഡിയോയിൽ, സർഫറാസ് വളരെ ബുദ്ധിമുട്ടി പുറത്തേക്ക് പോകുന്നത് കാണാൻ സാധിച്ചു.
അഞ്ച് മത്സരങ്ങളുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളാണ് സർഫ്രാസ്. പെർത്തിലെ ഓപ്പണിംഗ് ടെസ്റ്റിന് രോഹിത് ലഭ്യമല്ലാത്ത സാഹചര്യത്തിൽ, അഭിമന്യു ഈശ്വരനെ ഓപ്പണറായി തിരഞ്ഞെടുത്താൽ, കെഎൽ രാഹുലും സർഫറാസും മധ്യനിരയിൽ ഒരു സ്ഥാനത്തിനായി മത്സരിക്കും.
കിവീസിനെതിരായ പരമ്പരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച സർഫ്രാസ് ഓസ്‌ട്രേലിയയിൽ നടത്തുന്ന പ്രകടനം ഏവരും ഉറ്റുനോക്കുകയാണ്.