ഇതിഹാസ താരം യുവരാജ് സിംഗിന് ശേഷം ഏറ്റവും സ്ഥിരതയാര്‍ന്ന് അനായാസമായി സിക്സറുകള്‍ അടിക്കാന്‍ കഴിയുന്ന താരമാണ് സഞ്ജു സാംസണെന്ന് സഞ്ജയ് ബംഗാര്‍. അനായാസം സിക്സറുകള്‍ പറത്താനുള്ള സാംസണിന്റെ കഴിവിനെ ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് കോച്ച് വാനോളം പ്രശംസിച്ചു.
ഇവിടെ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, അല്ലെങ്കില്‍ റിങ്കു സിംഗ് എന്നിവരെപ്പോലും ബംഗാര്‍ തിരഞ്ഞെടുത്തില്ല എന്നതാണ് ശ്രദ്ധേയം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ഇന്ത്യന്‍ താരമാണ് രോഹിത്. അതേസമയം, അന്താരാഷ്ട്ര മത്സരത്തില്‍ യാഥാസ്ഥിതിക ഷോട്ടുകള്‍ കളിച്ച് സിക്‌സറുകള്‍ അടിക്കാന്‍ കഴിയുന്ന ചുരുക്കം ചില ബാറ്റര്‍മാരില്‍ ഒരാളാണ് കോഹ്‌ലി.
എന്നിരുന്നാലും, ടി20യില്‍ സഞ്ജു സാംസണ്‍ മികച്ച ഫോമിലാണ്. 2024-ന്റെ അവസാന പകുതിയില്‍ അദ്ദേഹം മൂന്ന് സെഞ്ചുറികള്‍ നേടി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ രസിപ്പിച്ചു. 37 ടി20 മത്സരങ്ങള്‍ കളിച്ച് 66 ഫോറുകളും 46 സിക്സറുകളും കേരള താരം നേടിയിട്ടുണ്ട്.
രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ ഇപ്പോള്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ വലിയ സന്തോഷം നല്‍കുന്നു. ദീര്‍ഘനാളായി അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പടിവാതില്‍ക്കല്‍ അവസരം കാത്തുനില്‍ക്കുന്നുണ്ട്. ഇപ്പോഴാണ് സഞ്ജുവിന് ശരിയായ രീതിയില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചത്. ഏതൊരു താരമാണെങ്കിലും, മൂന്നോ നാലോ മത്സരങ്ങളില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചെങ്കില്‍ മാത്രമേ സ്വതന്ത്രമായി തനത് ശൈലിയില്‍ കളിക്കാനാകൂ.
ബാറ്റിംഗില്‍ ടോപ് ഓര്‍ഡറില്‍ കളിക്കുന്ന സഞ്ജുവിനെ സംബന്ധിച്ച് ഒരു സാഹചര്യത്തിലും ആശങ്കയ്ക്ക് വകയില്ല എന്നതാണ് വാസ്തവം. ആദ്യ ഓവറുകളില്‍ ഫീല്‍ഡിംഗ് നിയന്ത്രണമുള്ളത് അദ്ദേഹത്തിന് അനുകൂലമാണ്. സഞ്ജുവാണെങ്കില്‍ തുടര്‍ച്ചയായി സിക്‌സറുകള്‍ നേടാന്‍ കഴിവുള്ള താരവും.
എത്ര അനായാസമാണ് സഞ്ജു സിക്‌സടിക്കുന്നത്. സാക്ഷാല്‍ യുവരാജ് സിങ്ങിനു ശേഷം ഇത്ര അനായാസം സ്ഥിരതയോടെ സിക്‌സര്‍ നേടുന്ന താരം സഞ്ജുവാണ്. സഞ്ജു ഫോമിലായിക്കഴിഞ്ഞാല്‍ ആ ബാറ്റിംഗ് കാണുന്നതുതന്നെ എന്തൊരു അഴകാണ്- ബംഗാര്‍ കൂട്ടിച്ചേര്‍ത്തു.