ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ പ്രകടനത്തിനായി ആകാംഷയോടെ കാത്തിരിക്കുന്ന ഫ്രാഞ്ചൈസികളാണ് അഹമ്മദാബാദും ലക്‌നൗവും. സീസണിലെ നവാഗതരായ ടീം തങ്ങളുടെ മൂന്ന് താരങ്ങളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കിടയറ്റ ഓള്‍റൗണ്ടറെയും ലോകോത്തര സ്പിന്നറെയും മികച്ച പരിശീലകനെയും വന്‍തുകയ്ക്ക് ഒപ്പം കൂട്ടിയാണ് മെഗാ താരലേലത്തിനായി ഫ്രാഞ്ചൈസി തയ്യാറെടുക്കുന്നത്.
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍, യുവ ഇന്ത്യന്‍ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ആദ്യമായി എത്തിയിരിക്കുന്നത്. 15 കോടി രൂപയ്ക്കാണ് ഹാര്‍ദിക് പാണ്ഡ്യയെ അഹമ്മദാബാദ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നത്. ഇതേ തുകയ്ക്കു തന്നെയാണ് റാഷിദിനെയും ഫ്രാഞ്ചൈസി വാങ്ങിയിരിക്കുന്നത്. ലഖ്നൗ ഫ്രാഞ്ചൈസിയുടെ വല തട്ടിമാറ്റിയാണ് റഷീദ് ഖാനെ ഒപ്പമെത്തിച്ചത്.
അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ക്കായി 12 കോടി രൂപ ലഖ്‌നൗ ഫ്രാഞ്ചൈസി വാരിയെറിഞ്ഞെങ്കിലും കൊത്താതിരുന്ന റഷീദ്ഖാന്‍ അഹമ്മദാബാദിന്റെ 15 കോടിയില്‍ വീഴുകയായിരുന്നു. ഗില്ലിനു വേണ്ടി അഹമ്മദാബാദ് ചെലവഴിച്ചത് എട്ടു കോടി രൂപയാണ്. അഹമ്മദാബാദ് ഉപദേശകനും ബാറ്റിങ് കോച്ചുമാക്കിയിരിക്കുന്നത് ഇന്ത്യ ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ പരിശീലകന്‍ ഗാരി കിര്‍സ്റ്റനെയാണ്.
ആശിഷ് നെഹ്ര മുഖ്യ പരിശീലകനാകും. മുംബൈ ഇന്ത്യന്‍സില്‍ നിന്നുമാണ് ഹര്‍ദിക് പാണ്ഡ്യ അഹമ്മദാബാദിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണ്‍ പരുക്കിനെ തുടര്‍ന്ന് നഷ്ടമായ പാണ്ഡ്യ ഈ സീസണില്‍ നായകനായിട്ടാണ് മടങ്ങി വരുന്നത്.