അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾ തുറന്ന് പറഞ്ഞ് മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഡബ്ല്യുടിസി ഫൈനലിന് മുമ്പ് രണ്ട് ടെസ്റ്റുകൾ മാത്രം ശേഷിക്കുമ്പോഴും ഇന്ത്യക്ക് ഫൈനലിന് യോഗ്യത നേടാൻ സാധിക്കും എന്നാണ് ചോപ്ര പറഞ്ഞത്.
നിലവിലെ ഡബ്ല്യുടിസി സൈക്കിളിൽ രണ്ട് ടെസ്റ്റുകൾ മാത്രം ശേഷിക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരങ്ങളാണ് വരാനിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്ക് യോഗ്യത ഉറപ്പാക്കാൻ ഏത് വിധേനയും ജയിക്കേണ്ടതുണ്ട്.
തൻ്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ സംസാരിക്കുമ്പോൾ, അടുത്ത വർഷം WTC ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ആകാശ് ചോപ്ര ചർച്ച ചെയ്തു. എന്തു വിലകൊടുത്തും ഇന്ത്യ ജയിച്ചുകയറുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
“ഇന്ത്യയ്ക്ക് തീർച്ചയായും ഡബ്ല്യുടിസി ഫൈനലിലെത്താൻ കഴിയും. തീർച്ചയായും നമുക്ക് പരമ്പര ജയിക്കേണ്ടതുണ്ട്. പരമ്പര സമനിലയിൽ അവസാനിക്കാൻ കഴിയില്ല. പരമ്പര സമനിലയിൽ അവസാനിച്ചാൽ ഞങ്ങൾ പുറത്താകും. പക്ഷെ ഇനിയുള്ള 2 മത്സരങ്ങൾ ജയിച്ചാൽ പിന്നെ നമ്മൾ ഫൈനലിൽ ഉണ്ടാകും” ആകാശ് ചോപ്ര പറഞ്ഞു.
മറ്റ് ഫലങ്ങളെ ആശ്രയിക്കാതെ WTC ഫൈനലിൽ ഇടം നേടുന്നതിന് ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അടുത്ത രണ്ട് ടെസ്റ്റുകളും ഇന്ത്യക്ക് വിജയിക്കേണ്ടതുണ്ട്. രണ്ട് വിജയങ്ങൾ അവരുടെ പോയിൻ്റ് ശതമാനം 60.53 ആയി ഉയർത്തും, ശ്രീലങ്കയിൽ അവരുടെ അടുത്ത പരമ്പര 2-0 ന് ജയിച്ചാലും ഓസ്‌ട്രേലിയക്ക് 57.02 മാത്രമേ നേടാൻ സാധിക്കു.
എന്നിരുന്നാലും, ഇന്ത്യ ഒരു ടെസ്റ്റ് ജയിക്കുകയും മറ്റൊന്ന് സമനിലയിൽ അവസാനിക്കുകയും ചെയ്താൽ, പോയിന്റ് 57.02 ൽ എത്തും, ശ്രീലങ്കയിൽ 2-0 ന് ജയിച്ചാൽ ഓസ്‌ട്രേലിയക്ക് ഇന്ത്യയെ മറികടക്കാനാകും. ഇപ്പോൾ നടക്കുന്ന പരമ്പര സമനിലയിൽ കലാശിക്കുകയാണെങ്കിൽ, 55.26 എന്ന നിലയിലേക്ക് മെൻ ഇൻ ബ്ലൂ എത്തും. ഈ സാഹചര്യത്തിൽ ഓസ്‌ട്രേലിയക്ക് ശ്രീലങ്കയോട് 0-1 മാർജിനെങ്കിലും തോൽക്കേണ്ടി വരും ഇന്ത്യക്ക് ഫൈനലിൽ എത്താൻ.