2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ വിരാട് കോഹ്‌ലിക്ക് ആധിപത്യം സ്ഥാപിക്കാൻ സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സ്റ്റാർ ബാറ്റ്‌സ്മാൻ ചേതേശ്വര് പൂജാര. ടീം ഇന്ത്യയും ആരാധകരും തന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതിനെ കുറിച്ച് വിരാട് കോഹ്‌ലിക്ക് അറിയാമെന്നും ഓസ്‌ട്രേലിയക്കെതിരായടെസ്റ്റ് പരമ്പരയിൽ അതിന് അനുസരിച്ച് കോഹ്‌ലി കളിക്കുമെന്നുള്ള ആത്മവിശ്വാവും പൂജാര പങ്കുവെച്ചു.
എല്ലാ കാലഘട്ടത്തിലും ഓസ്‌ട്രേലിയയിൽ കളിക്കാൻ ഇഷ്ടപെടുന്ന കോഹ്‌ലി ഇത്തവണയും തിളങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രാജ്യത്ത് 6 സെഞ്ചുറികൾ നേടിയിട്ടുള്ള കോഹ്‌ലി ഇത്തവണയും തിളങ്ങേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. തന്റെ അവസാന ഓസ്‌ട്രേലിയൻ പരമ്പര കളിക്കുന്ന കോഹ്‌ലി കുറച്ചുനാളായി ടെസ്റ്റിൽ അത്ര നല്ല ഫോമിൽ അല്ല.
ഇന്ത്യയുടെ മുൻ ഓസ്‌ട്രേലിയൻ പര്യടനങ്ങളിൽ നിർണായക പ്രകടനങ്ങൾ നടത്തിയ ചേതേശ്വര് പൂജാര 2024-25 ബിജിടിയിൽ ടീമിനൊപ്പം ഇല്ല. അതിനാൽ തന്നെ കോഹ്‌ലിക്ക് വലിയ ഉത്തരവാദിത്വവും ഇത്തവണയുണ്ട്.വിരാട് കോഹ്‌ലിക്ക് ആവശ്യമായ ഇടവേള ലഭിച്ചിട്ടുണ്ടെന്നും ഓസീസിനെതിരെ മത്സരിക്കാൻ തയ്യാറാണെന്നും പൂജാര പറഞ്ഞു. ടീമിലെ ഏറ്റവും മികച്ച ബാറ്ററാണ് കോഹ്‌ലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അവനെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ട്. അവൻ ഒരുപാട് മത്സരങ്ങൾ തുടരെ തുടരെ കളിക്കുന്ന താരമാണ്. അവൻ ഒരു മികച്ച അത്‌ലറ്റ് കൂടിയാണ്. എന്തായാലും ബ്രേക്ക് ഇല്ലാതെ തുടരെ മത്സരങ്ങൾ കളിക്കുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. അതാണ് കോഹ്‌ലിക്കും സംഭവിച്ചത് ”സ്റ്റാർ സ്പോർട്സ് പ്രസ് റൂമിൽ പൂജാര പറഞ്ഞു.
“അയാൾക്ക് എന്തായാലും ആവശ്യത്തിന് ഇടവേള ഇത്തവണ കിട്ടി. അതിനാൽ തന്നെ അദ്ദേഹത്തിന് തിളങ്ങാൻ സാധിക്കും. എന്നും മികച്ച പ്രകടനങ്ങൾ ഓസ്‌ട്രേലിയയിൽ കോഹ്‌ലി നടത്തിയിട്ടുണ്ട്. ഇത്തവണയും അവൻ അതിനായി ശ്രമിക്കും. ടീമിലെ ഏറ്റവും മികച്ച താരമാണ് കോഹ്‌ലി. അവൻ തിളങ്ങും ”അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ഓസ്‌ട്രേലിയക്ക് എതിരെ കോഹ്‌ലി മികവ് കാണിച്ചില്ലെങ്കിൽ അത് ഇന്ത്യയെ ബുദ്ധിമുട്ടിക്കും.