ലീഗിനും ടീമുകൾക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പാകിസ്ഥാൻ ബാറ്റർ അഹമ്മദ് ഷഹ്സാദ് പിഎസ്എല്ലിനോട് താൻ വിടപറയുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചു. വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ തന്റെ തീരുമാനം പ്രഖ്യാപിച്ച ഷഹ്‌സാദ്, തുടർച്ചയായി പിഎസ്‌എൽ ടീമുകൾ തന്നെ അവഗണിക്കുന്നതിനെ തുടർന്നാണ് താൻ തീരുമാനം എടുത്തതെന്ന് അവകാശപ്പെട്ടു. തന്റെ വിടവാങ്ങൽ കുറിപ്പിൽ, തന്നെ കളിയിൽ നിന്ന് അകറ്റാൻ ആറ് പിഎസ്എൽ ടീമുകളും ഒത്തുകളിച്ചതായി ബാറ്റർ ആരോപിച്ചു.
ദേശീയ ടി20 കപ്പിലെ തന്റെ പ്രകടനം നല്ലതായിരുന്നു എന്നും അതിനേക്കാൾ ദയനീയമായി പ്രകടനം നടത്തിയവരെ പകരം ടീമുകൾ തിരഞ്ഞെടുത്തുവെന്നും അഹമ്മദ് അവകാശപ്പെട്ടു. എന്തിനാണ് തന്നെ ലീഗിൽ നിന്ന് പുറത്താക്കിയതെന്ന് തനിക്കറിയാമെന്നും രാജ്യവും ആരാധകരും അത് ഉടൻ അറിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) പ്ലെയേഴ്സ് ഡ്രാഫ്റ്റ് 2024 ഡിസംബർ 13 ന് ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്നു. ആറ് ഫ്രാഞ്ചൈസികളും – ലാഹോർ ക്വലാൻഡേഴ്‌സ്, മുൾട്ടാൻ സുൽത്താൻസ്, ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ്, പെഷവാർ സാൽമി, ഇസ്ലാമാബാദ് യുണൈറ്റഡ്, കറാച്ചി കിംഗ്‌സ് – പിഎസ്‌എല്ലിന്റെ ഒമ്പതാം പതിപ്പിനായി 18 അംഗ ടീമിനെ പൂർത്തിയാക്കി.
PSL 2024 ഡ്രാഫ്റ്റിനായി ആകെ 485 കളിക്കാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. കീറോൺ പൊള്ളാർഡ്, ഡേവിഡ് വില്ലി, റീസ് ടോപ്ലി തുടങ്ങിയ പ്രമുഖർ ഡ്രാഫ്റ്റിന്റെ മുൻനിര വിഭാഗത്തിൽ ലഭ്യമായിരുന്നു.