ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ റണ്ണൗട്ടായത് നിര്‍ഭാഗ്യകരമാണെന്ന് പറയാനാവില്ലെന്ന് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലിസ ഹീലി. ഹര്‍മന്‍പ്രീത് ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നെങ്കില്‍ എളുപ്പത്തില്‍ ക്രീസ് കടക്കാമായിരുന്നു എന്ന് ഹീലി അഭിപ്രായപ്പെട്ടു.
ഇത് വിചിത്രമായിരിക്കുന്നു. അത് നിര്‍ഭാഗ്യകരമാണെന്ന് ഹര്‍മന്‍പ്രീതിന് പറയാം. എന്നാല്‍ അവള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നെങ്കില്‍ അനായാസം ക്രീസിനെ മറികടക്കാമായിരുന്നു. പക്ഷേ അവള്‍ പിന്നോട്ട് പോയി- അലിസ ഹീലി പറഞ്ഞു.
ഓസ്ട്രേലിയയ്‌ക്കെതിരായ സെമിഫൈനല്‍ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യന്‍ വനിതകളുടെ തോല്‍വി. ഓസ്ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു.
അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (34 പന്തില്‍ 52 റണ്‍സ്), ജെമീമ റോഡ്രിഗസ് (24 പന്തില്‍ 43), ദീപ്തി ശര്‍മ (17 പന്തില്‍ 20*) എന്നിവര്‍ പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. ഹര്‍മന്‍പ്രീതിന്റെ റണ്ണൗട്ടാണ് ഇന്ത്യ-ഓസ്ട്രേലിയ സെമി പോരില്‍ വഴിത്തിരിവായത്.