ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് താരം ജെയ്ഡൻ സീൽസ്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ 15.5 ഓവർ പന്തെറിഞ്ഞ താരം വെറും അഞ്ച് റൺസ് മാത്രമാണ് വിട്ടു കൊടുത്തത്. പത്ത് ഓവറുകൾ മെയ്ഡൻ ആക്കിയ താരത്തിന്റെ ഇക്കോണമി 0.32 ആണ്.
1978 ന് ശേഷം ആദ്യമായിട്ടാണ് 10 ഓവർ എറിഞ്ഞ ഒരു താരത്തിന്റെ ഇക്കോണോമി 0.4ന് താഴെ നിൽക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 164 റൺസിന് ഓൾ ഔട്ട് ആയി. ടീമിന് വേണ്ടി ഷദ്മാൻ ഇസ്ലാം 64 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. കൂടാതെ മെഹിദി ഹസൻ 36 റൺസും, ഷഹ്ദാത്ത് ഹൊസൈൻ 22 റൺസും, തൈജുൾ ഇസ്ലാം 16 റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു.
വെസ്റ്റ് ഇൻഡീസിന് വേണ്ടി റെക്കോഡ് നേടിയ ജെയ്ഡൻ സീൽസ് നാല് വിക്കറ്റുകളും, ഷമർ ജോസഫ് മൂന്നു വിക്കറ്റുകളും കെമർ റോച്ച് രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യ ദിവസം മത്സരം അവസാനിക്കുമ്പോൾ വെസ്റ്റ് ഇൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിലാണ്. ക്രീസിൽ ഉള്ളത് ക്രെയ്ഗ് ബ്രാത്ത്‍വെയ്റ്റ് 33 റൺസോടെയും കീസി കാർട്ടി 19 റൺസോടെയുമാണ്.