IPL 2025: മറ്റുളളവരെ കുറ്റം പറയാന്‍ നിനക്ക് എന്തധികാരം, ആദ്യം സ്വയം നന്നാവാന്‍ നോക്ക്‌, റിയാന്‍ പരാഗിനെ നിര്‍ത്തിപൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

ആര്‍സിബിക്കെതിരായ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെതിരെയുളള വിമര്‍ശനങ്ങള്‍ തുടരുകയാണ്. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. ആര്‍സിബി ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 194 റണ്‍സ് എടുക്കാനേ രാജസ്ഥാന് സാധിച്ചുളളൂ. ഈ സീസണില്‍ ക്യാപ്റ്റന്‍സി എടുത്ത ശേഷം ഒറ്റ കളിയില്‍ മാത്രമേ പരാഗിന് ടീമിനെ ജയിപ്പിക്കാന്‍ സാധിച്ചിട്ടുളളൂ. സഞ്ജു സാംസണ് പകരം ക്യാപ്റ്റനായ റിയാന്‍ പരാഗിന് ടീമിനെ തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും ഒറ്റ മത്സരത്തില്‍ പോലും വിജയിപ്പിക്കാന്‍ സാധിച്ചില്ല.

അതേസമയം മത്സരം തോറ്റതില്‍ ടീമംഗങ്ങളെ കുറ്റം പറയാന്‍ പരാഗിന് എന്തധികാരം എന്ന് ചോദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ ഞങ്ങള്‍ക്ക് ബാറ്റിങ് കൂടുതല്‍ നന്നായി ചെയ്യാമായിരുന്നു എന്ന് പരാഗ് തുറന്നുപറഞ്ഞിരുന്നു. “ഞങ്ങള്‍ക്ക് ബാറ്റിങ് നന്നായി ചെയ്യാമായിരുന്നു. പ്രത്യേകിച്ച് സ്പിന്നിനെതിരെ. മാനേജ്‌മെന്റ് ഞങ്ങള്‍ക്ക് ധാരാളം സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പക്ഷേ ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ ഞങ്ങള്‍ അത് ചെയ്തിട്ടില്ല”, ഇതായിരുന്നു പരാഗിന്റെ വാക്കുകള്‍.

ഇതിന് പിന്നാലെ പരാഗ് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അല്ലാതെ ടീമംഗങ്ങളെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നുമാണ് അമിത് മിശ്ര പറഞ്ഞത്. “മത്സരം നിങ്ങളുടെ കൈയിലായിരുന്നു. പക്ഷേ നിങ്ങള്‍ നല്‍കിയ അധിക റണ്‍സ് എല്ലാം കൈവിട്ടു. അവര്‍ എറിഞ്ഞ 14 വൈഡുകള്‍ നിങ്ങള്‍ പുറത്തെടുത്തിരുന്നെങ്കില്‍ അവര്‍ വിജയിക്കുമായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ സ്വയം ഒരു കുറ്റം ചെയ്തു. അപ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് മറ്റുളളവരെ കുറ്റം പറയാന്‍ സാധിക്കുന്നത്. നിങ്ങള്‍ കളിയില്‍ വളരെ പിന്നിലാണെന്ന് ഇതിന് അര്‍ഥമില്ല. നിങ്ങള്‍ എപ്പോഴും കളിയിലായിരുന്നു. നിങ്ങള്‍ 40-50 റണ്‍സിന് തോറ്റില്ല. അതൊരു ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു, അമിത് മിശ്ര പറഞ്ഞു.

തെറ്റായ സമയത്ത് പുറത്തായില്ലായിരുന്നെങ്കില്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെ നിങ്ങള്‍ക്ക് ജയിക്കാമായിരുന്നു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ ശ്രമിക്കുന്ന തരത്തിലുളള ഷോട്ടുകള്‍ ഒഴിവാക്കാമായിരുന്നു. മത്സരം സീരിയസായി എടുത്ത് അവസാനിപ്പിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കേണ്ടതായിരുന്നു, അമിത് മിശ്ര കൂട്ടിച്ചേര്‍ത്തു.

Read more