ശുഭ്മാന്‍ ഗില്ലിന്റെ നേതൃഗുണങ്ങളെ ചോദ്യം ചെയ്ത് വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍, ഗുജറാത്ത് ടൈറ്റന്റെ ഐപിഎല്‍ 2024 ലെ പ്രകടനത്തെ ഉദ്ധരിച്ച് ഗില്ലിന്റെ ക്യാപ്റ്റന്‍സി കഴിവുകളെ അമിത് ചോദ്യം ചെയ്തു. ടീമിന്റെ ഭാവി ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ താന്‍ തിരഞ്ഞെടുക്കില്ലെന്ന് താരം പറഞ്ഞു.
ഞാനെങ്കില്‍ ഒരിക്കലും ശുഭ്മന്‍ ഗില്ലിനെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനമേല്‍പ്പിക്കില്ല. കാരണം കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഞാന്‍ അവന്റെ ക്യാപ്റ്റന്‍സി കണ്ടിട്ടുള്ളതാണ്. ടീമിനെ എങ്ങനെ നയിക്കണമെന്നു പോലും ഗില്ലിനറിയില്ല.
ക്യാപ്റ്റനെന്ന നിലയില്‍ എന്തു ചെയ്യണമെന്ന യാതൊരു ഐഡിയയും അവനില്ല. എന്തിനാണ് ഗില്ലിനെ ഇന്ത്യയുടെ ക്യാപ്റ്റനാക്കിയതെന്നു എനിക്കു മനസ്സിലായിട്ടില്ല. ഇക്കാര്യം സെലക്ടര്‍മാരോടു തന്ന ചോദിക്കേണ്ടി വരും- മിശ്ര വ്യക്തമാക്കി.
ഹാര്‍ദിക് പാണ്ഡ്യ തന്റെ പഴയ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയതിന് ശേഷം, ഐപിഎല്‍ 2024-ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ തിരഞ്ഞെടുത്തു. ലീഗിലെ ടീമിന്റെ മൂന്നാം സീസണായിരുന്നു ഇത്.
ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന്റെ ആദ്യ വര്‍ഷം മികച്ചതായിരുന്നില്ല. 14 കളികളില്‍ അഞ്ചില്‍ മാത്രം ജയിക്കാന്‍ കഴിഞ്ഞ ടീമിന് ആദ്യമായി പ്ലേ ഓഫില്‍ പോലും എത്തിയില്ല. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് അവര്‍ സീസണ്‍ പൂര്‍ത്തിയാക്കിയത്.