ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ കാരണം അറിയാനുള്ള അവകാശം വിരാട് കോഹ്‌ലിക്കുണ്ടെന്ന് ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്ര. ഇന്ത്യന്‍ ക്രിക്കറ്റില്‍ ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നതെന്നും എവിടെയാണ് തനിക്ക് വീഴ്ച സംഭവിച്ചതെന്ന് കളിക്കാരന്‍ അറിയണമെന്നും അമിത് മിശ്ര പറഞ്ഞു.
‘ഇതിന് മുന്‍പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിനായി ഇത്രയും കഠിനാധ്വാനം ചെയ്ത് കളിച്ചൊരു താരത്തിന് എന്തുകൊണ്ട് തന്നെ മാറ്റി എന്നറിയാനുള്ള അവകാശമുണ്ട്. എവിടെയാണ് തനിക്ക് വീഴ്ച സംഭവിക്കുന്നത് കളിക്കാരന്‍ അറിയണം. അവിടെ മെച്ചപ്പെടുകയും വേണം.’
‘ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്‌ലി തന്റെ ജോലി ഭംഗിയായി ചെയ്തു. ഇനി രോഹിത്തിന്റെ സമയമാണ്. നല്ല കളിക്കാരനും ക്യാപ്റ്റനുമാണെന്ന് രോഹിത് തെളിയിക്കണം. ജീവിതത്തോട് പോസിറ്റീവ് മനോഭാവമുള്ള കളിക്കാരാണ് ഇവര്‍ രണ്ട് പേരും’ അമിത് മിശ്ര പറഞ്ഞു.
ഏകദിന നായക പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം എന്നെ നേരത്തെ അറിയിച്ചില്ലെന്ന് കോഹ് ലി ഇന്നലെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ‘മീറ്റിംഗ് തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പാണ് ഞാനുമായി അവര്‍ ബന്ധപ്പെട്ടത്. അവിടെ ഒരുതരത്തിലുള്ള ആശയവിനിമയവും ഉണ്ടായില്ല. ചീഫ് സെലക്ടര്‍ ടെസ്റ്റ് ടീമിനെ കുറിച്ച് സംസാരിച്ചു. എന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതായി കോള്‍ അവസാനിപ്പിക്കുന്നതിന് മുമ്പായി പറഞ്ഞു’ കോഹ്ലി പറഞ്ഞു.