‘ഹെന്‍ഡ്രിക്ക് ക്ലാസ്സന്‍’ എന്ന പേര് ആദ്യമായി കേള്‍ക്കുന്നത് 2018 ലെ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിടെയാണ്. സെഞ്ച്വറികള്‍ അടിച്ചുകൂട്ടുക എന്ന വിരാട് കോഹ്ലിയന്‍ ശീലം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നിന്ന ആ സിരീസില്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലെ രജതരേഖ അയാളായിരുന്നു.
അഞ്ച് ഏകദിനങ്ങളും, മൂന്ന് ടി ട്വന്റികളും അടങ്ങിയ ആ സീരീസിന്റെ വൈറ്റ് ബോള്‍ ലെഗ്ഗില്‍, ദക്ഷിണാഫ്രിക്ക ആകെ ജയിച്ചത് വെറും രണ്ടു മത്സരങ്ങളായിരുന്നു. അതില്‍ രണ്ടിലും മാന്‍ ഓഫ് ദി മാച്ച്, ഹെന്‍ട്രിക്ക് ക്ലാസന്‍ എന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നു.
‘കുല്‍ -ചാ’ സഖ്യം ദക്ഷിണാഫ്രിക്കയെ വെള്ളം കുടിപ്പിച്ച ആ സീരീസില്‍ കുല്‍ദീപും ചഹാലും, ക്ലാസന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. അന്ന് സെഞ്ചുറിയന്റെ ലോങ് ഓണിനും, കൗകോര്‍ണറിനും, മിഡ് വിക്കറ്റിനും മുകളിലൂടെ ഗ്യാലറിയുടെ മേല്‍ക്കൂരയിലേക്ക് ചഹാലിനെ അയാള്‍ തുടരെത്തുടരെ പറപ്പിക്കുന്നത് അസ്വസ്ഥതയോടെ നോക്കിയിരുന്നിട്ടുണ്ട്.
ഡി കോക്കിന്റെ പകരക്കാരനായ അന്നത്തെ ക്ലാസനേക്കാള്‍ അപകടകാരിയാണ്, പവര്‍ ഹിറ്റും, ഡെഫ്റ്റ് ടച്ചും ഒരേപോലെ വഴങ്ങുന്ന, പോരാട്ടവീര്യവും എക്‌സ്പീരിയന്‍സും കൊണ്ട് പ്രബലനായ ഇന്നത്തെ ക്ലാസന്‍.
13 സിക്‌സ്, 13 ഫോര്‍. 83 പന്തില്‍ 174* സ്‌ട്രൈക്ക് റേറ്റ് 210. ഏകദിനത്തില്‍ അഞ്ചാം നമ്പറിലോ അതില്‍ താഴയൊ ബാറ്റ് ചെയ്ത ഒരു ബാറ്റര്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോറില്‍ കപില്‍ ദേവിന് പിന്നിലായി ഇനി അയാളുടെ പേരുണ്ടാവും.
വേള്‍ഡ് കപ്പ് ഫേവറേറ്റുകളില്‍ ആരും ദക്ഷിണാഫ്രിക്കയുടെ പേര് പറഞ്ഞു കേള്‍ക്കുന്നില്ല. ബട്ട് ബിവെയര്‍ ഓഫ് സൗത്ത് ആഫ്രിക്ക. ബിക്കോസ്, ദേ ഹാവ് എ ക്ലാസന്‍.