ന്യൂഡിലന്റ് ടീമില്‍ ഇന്ത്യന്‍ വംശജര്‍ കളിക്കുന്നത് അത്ര അസാധാരണമായ കാര്യമല്ല. ഇഷ് സോധി, ജീതന്‍ പട്ടേല്‍, ജീത് റാവല്‍ തുടങ്ങി അനേകര്‍ കിവീസ് ടീമിന്റെ ഭാഗമായിട്ടുണ്ട്. ഈ നിരയില്‍ പുതിയതായി സ്ഥാനം നേടിയിരിക്കുന്നത് സാക്ഷാല്‍ സച്ചിനും ദ്രാവിഡും പേരിട്ട രചിന്‍ രവീന്ദ്രയാണ്.
ജയ്പൂരില്‍ ജന്മനാടിനെതിരേ നടക്കുന്ന മൂന്ന് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യമത്സരത്തില്‍ ഈ മദ്ധ്യനിര ബാറ്റ്സ്മാന്‍ കളിക്കുകയും ചെയ്തിരുന്നു. ആദ്യ മത്സരത്തില്‍ എട്ടു പന്തുകള്‍ നേരിട്ടെങ്കിലും എടുക്കാനായത് ഏഴു റണ്‍സ് മാത്രമായിരുന്നു. 21 വയസ്സുള്ള ഈ ഓള്‍റൗണ്ടര്‍ക്ക് പേരിട്ടത് ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ സച്ചിനും ദ്രാവിഡുമാണ്. ക്രിക്കറ്റ് കമ്പക്കാരായ ഇന്ത്യന്‍ മാതാപിതാക്കള്‍ രവി കൃഷ്ണമൂര്‍ത്തിയുടേയും ദീപാ കൃഷ്ണമൂര്‍ത്തിയുടേയും മകനാണ് രചിന്‍.
സോഫ്റ്റ്വേര്‍ സിസ്റ്റം ആര്‍ക്കിടെക്റ്റായ രവി 1990 ല്‍ ബംഗലുരുവില്‍ നിന്നുമായിരുന്നു ന്യൂസിലന്റിലേക്ക് ചേക്കേറിയത്. ബംഗലുരുവില്‍ ആയിരുന്നപ്പോള്‍ ക്രിക്കറ്റ് കളിച്ചിരുന്ന രവി മകനെ ക്രിക്കറ്ററാക്കി. 2016 ല്‍ ന്യൂസിലന്റിന്റെ അണ്ടര്‍ 19 ടീമില്‍ രചിന്‍ ഇടം പിടിച്ചിരുന്നു. 2018 ല്‍ അണ്ടര്‍ 19 ലോകകപ്പിലും ന്യൂസിലന്റിനായി കളിച്ചു.
കിവീസിനായി ആറ് ട്വന്റി20 മത്സരങ്ങളില്‍ രചിന്‍ കളിച്ചു. ഈ വര്‍ഷം സെപ്തംബറില്‍ ബംഗ്ളാദേശിനെതിരേയാണ് സീനിയര്‍ ടീമില്‍ ഇടംപിടിച്ചത്. ഇന്ത്യയ്ക്കെതിരേ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലും അന്തിമ ഇലവണില്‍ കളിക്കാന്‍ അവസരം കിട്ടിയില്ല.