‘ഇന്ത്യന്‍ കളിക്കാര്‍ ഫാസ്റ്റ് ബോളിങ്ങിനെ പേടിച്ചോടുന്നവരാണ്.’ 3-ാം ടെസ്റ്റിന് മുന്‍പേ ഡൊണാള്‍ഡ് ആദ്യ വെടി പൊട്ടിച്ചു. സൗഹൃദ പരമ്പര എന്ന് പേരിട്ട പരമ്പരയിലെ സൗഹൃദം 2-ാം ഏകദിനത്തില്‍ തന്നെ അവസാനിച്ചിരുന്നു. പീറ്റര്‍ കേഴ്‌സറ്റനെ കപില്‍ ദേവ് മങ്കാദിങ് ചെയ്തതോടെ പരമ്പരയുടെ സ്വഭാവം തന്നെ മാറി.
3-ാം ടെസ്റ്റില്‍ പച്ചപുതച്ച് നില്‍ക്കുന്ന സെന്റ് ജോര്‍ജ് പാര്‍ക്ക് ഗ്രൗണ്ടില്‍ ടോസ് നേടിയ വെസ്സല്‍സ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. തന്റെ വാക്കുകളെ ശരിവെക്കുന്ന തരത്തില്‍ ഡൊണാള്‍ഡ് വെള്ളിടിയായി ഇന്ത്യക്ക് മേല്‍ പതിച്ചു. ഇന്ത്യ 212 ന് പുറത്ത്. ചെറുത്ത് നിന്നത് 60 റണ്‍സെടുത്ത ക്യാപ്റ്റന്‍ അസ്ഹര്‍ മാത്രം. മറുപടി ബാറ്റിങ്ങില്‍ ആനുകൂല്യം മുതലെടുക്കാന്‍ ദക്ഷിണാഫ്രിക്കക്ക് ആയില്ല . ക്രോണ്യയുടെ സെഞ്ച്വറിയുടെ ബലത്തില്‍ 275 ന് പുറത്ത് .
ഡൊണാള്‍ഡ് അവസാനിപ്പിചിട്ടില്ലായിരുന്നു. സ്‌പെയിനിലെ വിശ്വ വിഖ്യാതമായ പാംപ്ലോനയിലെ വീതി കുറഞ്ഞ വീഥികളിലൂടെ എല്ലാം തച്ചു തരിപ്പണമാക്കിപ്പായുന്ന കാളകൂറ്റനെ പോലെ ഡൊണാള്‍ഡും കാളകൂറ്റന് മുന്നില്‍പ്പെട്ട ഓട്ടക്കാരെ പോലെ ഇന്ത്യന്‍ മുന്‍ നിരയും. ശാസ്ത്രി -5 , രാമന്‍ – 0, മഞ്ജരേക്കര്‍ -6 , സച്ചിന്‍-0, അസര്‍ -7 , ആംറെ -7 . 27 റണ്‍സിനിടെ 5 വിക്കറ്റുകള്‍. 50 റണ്‍സ് കടക്കില്ല എന്ന് തോന്നിയ നിമിഷങ്ങള്‍.
കാണികളുടെ ആരവങ്ങള്‍ക്കിടെ ബുള്‍ റിങ്ങില്‍ കാളക്കൂറ്റനെ മെരുക്കാനിറങ്ങുന്ന മാറ്റഡോറിനെ പോലെ അയാള്‍ ഡൊണാള്‍ഡിന് മുന്നിലവതരിച്ചു. അയാളുടെ വിരമിക്കലിന് വേണ്ടി മുറവിളി കൂട്ടുന്ന ഒരു സമയമായിരുന്നു അത്. ഒരു നിമിഷം 83 ലോകകപ്പിലെ ഇന്നിങ്‌സ് അയാള്‍ ഓര്‍ത്തിട്ടുണ്ടാകും. പക്ഷേ ഇത്തവണ എതിരാളികള്‍ പ്രബലരാണ്, താന്‍ കരിയറിന്റെ സായാഹ്നത്തിലും.
ഡൊണാള്‍ഡിന്റെ കൂടെ ഷൂള്‍സും മക് മില്ലനും മാത്യൂസും. കൂട്ടിന് വേഗതയും ബൗണ്‍സും ഒത്തിണങ്ങിയ പിച്ചും. ഏത് സാഹചര്യത്തിലും ചങ്കുറപ്പോടെ പോരാടിയിട്ടുള്ള അയാള്‍ കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു. തുടക്കം മെല്ലെയായിരുന്നു. വളരെപ്പെട്ടെന്ന് ഇന്ത്യന്‍ സ്‌കോര്‍ 31/6 ആയി. പിന്നീട് വന്ന പ്രഭാകറിന്റെ പിന്തുണയോടെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 71/6.
നാലാം ദിനം അയാള്‍ തന്റെ സംഹാര താണ്ഡവം തുടങ്ങി. പേര് കേട്ട പേസ് നിര കുറച്ച് നേരത്തേക്ക് ക്ലബ് ബോളര്‍മാരുടെ നിലവാരത്തിലേക്ക് എത്തി. തന്റെ ട്രേഡ് മാര്‍ക്കായ പുള്ളും ഹുക്കും കൂടാതെ മനോഹരമായ ഡ്രൈവുകളും ആ ബാറ്റില്‍ നിന്ന് പ്രവഹിക്കാന്‍ തുടങ്ങി. നാലാം ദിനം ഇന്ത്യ നേടിയ 144 റണ്‍സില്‍ 96 ഉം അയാളുടെ ബാറ്റില്‍ നിന്നും പിറന്നതായിരുന്നു. പ്രഭാകറും മോറെയും കുംബ്ലെയും 17 റണ്‍സ് വീതമെടുത്ത് ഉറച്ച പിന്തുണ നല്‍കി. ഒടുവില്‍ അവസാന വിക്കറ്റായി മടങ്ങുമ്പോള്‍ നേടിയത് 180 പന്തില്‍ നിന്നും 129 റണ്‍സ്. 14 ഫോറും 1 സിക്‌സും . അടുത്ത ഉയര്‍ന്ന സ്‌കോര്‍ 17!
12 വിക്കറ്റെടുത്ത ഡൊണാള്‍ഡിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക കളി ജയിച്ചു. തോല്‍വികളില്‍ ഒരിന്ത്യക്കാരന്‍ നേടിയ മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. കപില്‍ ദേവ് നിഖഞ്ജ് എന്ന ആ കളിക്കാരന്റെ വര്‍ണ്ണശബളമായ കാരിയറിലെ ഏറ്റവും മനോഹര ഇന്നിങ്‌സും ഇതു തന്നെയാവും.
ഒരു പക്ഷേ സ്വയം ഒരു ബോളര്‍ ആയി മാത്രം കാണാതെ ഒരു ഓള്‍ റൗണ്ടര്‍ ആയി കാണാന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കില്‍ മികച്ച കരിയറിനെ ഒന്നുകൂടി ഉയരത്തിലെത്തിക്കാന്‍ കഴിയുമായിരുന്നു..
എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍