ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഴിയിലെ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിലെ സാം കോണ്‍സ്റ്റാസിനെതിരായ ഇന്ത്യയുടെ സമീപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഓസ്ട്രേലിയന്‍ പരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. സിഡ്നി ടെസ്റ്റിലെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സില്‍ ഉസ്മാന്‍ ഖ്വാജയുടെ വിക്കറ്റ് വീണതിനു പിന്നാലെ ഇന്ത്യ നടത്തിയ ആഘോഷമാണ് ഓസീസ് പരിശീലകനെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ അതിരുവിട്ട ആഘോഷം കോണ്‍സ്റ്റാസിനെ ഭയപ്പെടുത്താനുള്ള ശ്രമമമായിരുന്നു എന്ന ആരോപണമാണ് ഓസ്ട്രേലിയന്‍ പരിശീലകനുള്ളത്.
മത്സരശേഷം ഞാന്‍ കോണ്‍സ്റ്റാസുമായി സംസാരിച്ചിരുന്നു. അവന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കാനായിരുന്നു സംസാരിച്ചത്. ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തുന്നതായിരുന്നു അനുവദനീയമല്ലാത്ത കാര്യങ്ങള്‍ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ നടപടികളൊന്നും ഉണ്ടായിട്ടുമില്ല. അതേസമയം സ്വന്തം കളിക്കാരന്റെ കാര്യത്തില്‍ ടീമിന് ഉത്തരവാദിത്തമുണ്ട്.
ഒരു വിക്കറ്റ് വീഴുമ്പോള്‍, നോണ്‍-സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നില്‍ക്കുന്നൊരാളുടെ നേരെ എതിര്‍ ടീം ഇത്ര തീവ്രമായി ആഘോഷം നടത്തുന്നത്, ആ കളിക്കാരനെ മാനസിക നിലയെ ബാധിക്കും. അത്തരം സന്ദര്‍ഭത്തില്‍ ആ കളിക്കാരന് വൈകാരിക പിന്തുണ നല്‍കേണ്ടതും തുടര്‍ന്നു കളിക്കാന്‍ പ്രാപ്തനാക്കേണ്ടതും ഞങ്ങളുടെ കടമയാണ്.
ഇന്ത്യയ്ക്കെതിരേ ഇതുവരെ അച്ചടക്ക നടപടിയോ പിഴയോ ചുമത്തിയിട്ടില്ല. ഐസിസിയും മാച്ച് റഫറിയും അമ്പയര്‍മാരും എല്ലാം ഈ പെരുമാറ്റത്തെ അംഗീകരിക്കുകയാണെങ്കില്‍, ഞങ്ങളുമത് അംഗീകരിക്കാം. ഇതാണ് മാനദണ്ഡമെന്ന് ഞങ്ങളും കരുതിയേക്കാം- മക്ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.