അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ഏഞ്ചലോ മാത്യൂസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാത്യൂസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബോര്‍ഡ് ഇക്കാര്യം ചര്‍ച്ചയ്ക്ക് വെച്ചന്നും വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇതില്‍ തീരുമാനമുണ്ടാകുമെന്നുമാണ് വിവരം.
വാര്‍ഷിക കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് താരങ്ങളും ബോര്‍ഡും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കവേയാണ് മാത്യൂസിന്റെ വിരമിക്കല്‍ വാര്‍ത്തയും പുറത്തു വരുന്നത്. പുതിയ കരാര്‍ വ്യവസ്ഥയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഒപ്പു വെയ്ക്കാത്ത സീനിയര്‍ താരങ്ങളില്‍ മുപ്പത്തിനാലുകാരനായ മാത്യൂസും ഉണ്ടായിരുന്നു.
പിന്നീട് സീനിയര്‍ താരങ്ങള്‍ കരാര്‍ ഒപ്പു വെയ്ക്കുവാന്‍ തയ്യാറായെങ്കിലും ടൂര്‍ അടിസ്ഥാനമാക്കിയുള്ള കരാര്‍ മാത്രമേ നല്‍കാനാകുവെന്നാണ് ലങ്കന്‍ ബോര്‍ഡ് മാത്യൂസ് ഉള്‍പ്പെടെയുള്ള താരങ്ങളോട് പറഞ്ഞത്. മാത്യൂസിനെ അടുത്തിടെ നടന്ന പരമ്പരകളിലേക്കൊന്നും ബോര്‍ഡ് പരിഗണിച്ചിരുന്നില്ല. താരത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെങ്കിലും യുവ ടീമിന് പ്രാമുഖ്യം കൊടുക്കാനായിരുന്നു ബോര്‍ഡ് സീനിയര്‍ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.
ഏപ്രിലില്‍ ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലാണ് മാത്യൂസ് അവസാനം കളിച്ചത്. ലങ്കയ്ക്കായി 90 ടെസ്റ്റും 218 ഏകദിനവും 49 ടി20 മത്സരവും കളിച്ചിട്ടുള്ള മാത്യൂസ് 13219 റണ്‍സും 191 വിക്കറ്റും നേടിയിട്ടുണ്ട്.