ശ്രീലങ്കന്‍ ക്രിക്കറ്റിനെ ഉലച്ച പ്രതിഫല വിഷയത്തില്‍ ക്രിക്കറ്റ് ബോര്‍ഡിനെ അനുകൂലിച്ച് വിമര്‍ശനം ഉന്നയിച്ച ഇതിഹാസ താരം മുത്തയ്യ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി ദിമുത് കരുണരത്നെ, എയ്ഞ്ചലോ മാത്യൂസ് എന്നിവരുടെ സംയുക്ത കത്ത്. “എന്തറിഞ്ഞിട്ടാണ് ഇത്തരമൊരു വിമര്‍ശനം” എന്ന ആമുഖത്തോടെയാണ് മാത്യൂസും കരുണരത്നെയും ചേര്‍ന്ന് മുരളീധരന് കത്തെഴുതിയത്.
“കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ കാരണം സാമ്പത്തികം മാത്രമാണെന്ന താങ്കളുടെ പ്രസ്താവന അനുചിതവും അസത്യവുമാണ്. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നതായി ഞങ്ങള്‍ സംശയിക്കുന്നു. താരങ്ങളും ബോര്‍ഡും തമ്മില്‍ യോജിപ്പിലെത്തരുതെന്നും ഈ പ്രശ്‌നങ്ങള്‍ അനന്തമായി നീളണമെന്നും ആഗ്രഹിക്കുന്നവരാകും ഇതിനെല്ലാം പിന്നില്‍”.
“ഞങ്ങളിലും ശ്രീലങ്കന്‍ ടീമിനുമേലും താങ്കള്‍ക്കുള്ള അതൃപ്തിയും വെറുപ്പുമാണ് ചാനലിലൂടെ പ്രകടമാക്കിയത്. ഞങ്ങളെ പേരെടുത്തുതന്നെ താങ്കള്‍ വിമര്‍ശിച്ചു. സ്വകാര്യ യോഗങ്ങളിലോ മറ്റോ പറയേണ്ട അഭിപ്രായമാണ് താങ്കള്‍ പരസ്യമായി ഒരു ടിവി ചാനലിനെ തത്സമയ പരിപാടിയില്‍ പറഞ്ഞത്” കത്തില്‍ പറയുന്നു.
Read more
പ്രതിഫല വിഷയത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ഷിക കരാറില്‍ ഒപ്പിടാന്‍ താരങ്ങള്‍ വിസമ്മതിച്ചരുന്നു. തുടര്‍ന്ന് താത്കാലിക കരാറുകളുടെ അടിസ്ഥാനത്തിലാണ് ശ്രീലങ്കന്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിനു തയാറായതും ഇപ്പോള്‍ ഇന്ത്യയ്ക്കെതിരെ കളിക്കുന്നതും. എന്നാല്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ മാത്യൂസിനെയും കരുണരത്നെയെയും നിലവില്‍ കരാറില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.