'നിങ്ങളത് മറന്നു...'; പന്തിനോടും സര്‍ഫറാസിനോടുമുള്ള ന്യൂസിലന്‍ഡിന്റെ സമീപനത്തെ വിമര്‍ശിച്ച് അനില്‍ കുംബ്ലെ

ഋഷഭ് പന്തിനും സര്‍ഫറാസ് ഖാനുമെതിരെ ന്യൂസിലന്‍ഡ് നന്നായി തയ്യാറെടുക്കണമായിരുന്നുവെന്ന് അനില്‍ കുംബ്ലെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ല്‍ നിരവധി കിവീസ് താരങ്ങള്‍ക്കെതിരെയോ അല്ലെങ്കില്‍ അവര്‍ക്കൊപ്പമോ ഇരുവരും കളിച്ചിട്ടുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കുംബ്ലെയുടെ വിമര്‍ശനം. മത്സരത്തിന്റെ നാലാം ദിവസം ഇരുവരും നന്നായി ബാറ്റ് ചെയ്യുകയും ഇന്ത്യയെ പൊരുതാന്‍ പ്രാപ്തരാക്കുകയും ചെയ്തു.

”റിഷഭ് പന്തും സര്‍ഫറാസും ബാറ്റില്‍ ഗംഭീരമായിരുന്നു. കിവി ബോളര്‍മാര്‍ക്കെതിരെ അവര്‍ ഷോട്ടുകള്‍ കളിച്ചു. ബാറ്ററുകളുടെ ദുര്‍ബലമായ പ്രദേശങ്ങള്‍ ലക്ഷ്യമിടുന്നതില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടതായി എനിക്ക് തോന്നുന്നു. നിരവധി ന്യൂസിലന്‍ഡ് കളിക്കാര്‍ക്ക് അവരെ ഐപിഎല്‍ ദിനങ്ങള്‍ മുതല്‍ അറിയാം. ആ അറിവ് ബോളര്‍മാര്‍ക്ക് കൈമാറുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്ന് ഞാന്‍ കരുതുന്നു- അനില്‍ കുംബ്ലെ പറഞ്ഞു.

രച്ചിന്‍ രവീന്ദ്ര, ടിം സൗത്തി, ഗ്ലെന്‍ ഫിലിപ്സ്, ഡെവണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍ എന്നിവര്‍ ഐപിഎലില്‍ കളിച്ചിട്ടുള്ളവരാണ്. മത്സരത്തില്‍ സര്‍ഫറാസ് ഖാന്‍ 150 റണ്‍സെടുത്തപ്പോള്‍ പന്ത് 99 റണ്‍സെടുത്തു.

അവര്‍ ക്രീസിലിരിക്കുമ്പോള്‍, ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന് പുറത്തായിട്ടും ഇന്ത്യ മത്സരം വിജയിക്കുമെന്ന് തോന്നിച്ചു. പക്ഷേ പുതിയ പന്ത് എടുത്തതോടെ ന്യൂസിലന്‍ഡിന്റെ പേസര്‍മാരെ നേരിടാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല, 403/3 എന്ന നിലയില്‍ നിന്ന് അവര്‍ 462 റണ്‍സിന് പുറത്തായി.