മുന്നില്‍ ബ്രാഡ്മാന്‍ മാത്രം; ക്രിക്കറ്റ് ലോകത്ത് സ്മിത്തിന്റെ ഗര്‍ജനം

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി നേടി ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. 301 പന്തില്‍ 26 ബൗണ്ടറികളും ഒരു സിക്‌സും സഹിതമാണ് സ്മിത്ത് ഡബിള്‍ സെഞ്ച്വറി തികച്ചത്. മത്സരത്തില്‍ സ്മിത്ത് പുറത്താകാതെ ബാറ്റിംഗ് തുടരുകയാണ്.

ഇതോടെ ബാറ്റിംഗ് ശരാശരിയില്‍ ഒരു റെക്കോര്‍ഡ് കൂടി ഓസ്‌ട്രേലിയന്‍ നായകന്‍ സ്വന്തമാക്കി. നിലവില്‍ 62.59 ആണ് സ്മിത്തിന്റെ ബാറ്റിംഗ് ശരാശരി. ഇനി ബാറ്റിംഗ് ശരാശരിയില്‍ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ് സ്മിത്തിന് മുന്നിലുളളത്. 99.96 ആണ് ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി.

59ാം ടെസ്റ്റ് കളിക്കുന്ന സ്റ്റീവ് സ്മിത്തിന്റെ 22ാം സെഞ്ച്വറിയാണ് ആഷസില്‍ പിറന്നിരിക്കുന്നത്. സ്മിത്തിനെ കൂടാതെ ഷോണ്‍ മാര്‍ഷും ഓസ്‌ട്രേലിയക്കായി സെഞ്ച്വറി നേടി. 188 പന്തില്‍ 25 ബൗണ്ടറി സഹിതം 15 റണ്‍സുമായാണ് മാര്‍ഷ് ബാറ്റിംഗ് തുടരുന്നത്. അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ സ്മിത്തും മാര്‍ഷും ഓസ്‌ട്രേലിയക്ക് മികച്ച ലീഡ് സമ്മാനിച്ച് കഴിഞ്ഞു.

മത്സരത്തില്‍ രണ്ട് ദിവസം ശേഷിക്കേ മൂന്നാം ദിനം ഇനിയുള്ള സമയം വേഗത്തില്‍ ബാറ്റ് ചെയ്ത് ലീഡ് വര്‍ധിപ്പിയ്ക്കാനാകും ഓസ്‌ട്രേലിയ ശ്രമിക്ക. ഇതോടെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് ഏതാണ്ട് ജയം കൈവിട്ട മട്ടായി.