ധോണിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്ത് കോഹ്ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍ എന്ന നേട്ടം കോഹ്ലി സ്വന്തമാക്കി.

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. മത്സരത്തില്‍ 41 റണ്‍സ് എടുത്ത കോഹ്ലിയുടെ സമ്പാദ്യം നായകനെന്ന നിലയില്‍ ഇതോടെ 3456 റണ്‍സ് ആയി. 65. 20 ബാറ്റിംഗ് ശരാശരിയിലാണ് കോഹ്ലി ഇത്രയും റണ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

രണ്ടാമതുളള ധോണി ടെസ്റ്റ് നായകനെന്ന നിലയില്‍ 3434 റണ്‍സാണ് സ്വന്തമാക്കിയിട്ടുളളത്. ഗവാസ്‌ക്കറാണ് ഈ പട്ടികയില്‍ മൂന്നാമത്. 3449 റണ്‍സാണ് ഗവാസ്‌ക്കര്‍ നേടിയിട്ടുളളത്. അസ്ഹറുദ്ദീന്‍ 2856 റണ്‍സും ഗാംഗുലി 2561 റണ്‍സുമാണ് നായകന്റെ ക്യാപ്പണിഞ്ഞ് നേടിയിട്ടുളളത്.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുകയാണ്. കോഹ്ലിയ്ക്ക് പുറമെ രഹാനയും ഭുവനേശ്വര്‍ കുമാറും മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ വിജയപ്രതീക്ഷയിലാണ് ടീം ഇന്ത്യ.