സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് വിരാട് കോഹ്ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി തികച്ചതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ തേടി റെക്കോര്‍ഡ്. വേഗത്തില്‍ 21 സെഞ്ച്വറികള്‍ തികച്ച ഇന്ത്യന്‍ താരം എന്ന നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്.

തന്റെ 109ാം ടെസ്റ്റ് ഇന്നിംഗ്‌സില്‍ നിന്നാണ് കോഹ്ലി 21 സെഞ്ച്വറികളിലെത്തിയത്. സച്ചിനാകട്ടെ തന്റെ 110ാം ടെസ്റ്റ് ഇന്നിംഗ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെ്ത്തിയത്. ഇതോടെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ ഇരുപത്തിയൊന്ന് സെഞ്ചുറികളടിക്കുന്ന നാലാം താരമായി മാറാനും കോഹ്ലിക്ക് കഴിഞ്ഞു.

വെറും 56 ഇന്നിംഗ്‌സുകളില്‍ നിന്നും 21 സെഞ്ച്വറിയിയിലെത്തിയ ഡോണ്‍ ബ്രാഡ്മാന്‍ ആണ് പട്ടികയില്‍ ഒന്നാമത്.

കോഹ്ലിയെ തേടി മറ്റ് ചില നേട്ടങ്ങളും എത്തി. 20 വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍, 14 ടെസ്റ്റ് സെഞ്ച്വറികള്‍ തികക്കുന്ന അഞ്ചാമത്തെ താരം എന്നീ നേട്ടങ്ങളും കോഹ്ലി സ്വന്തം പേരില്‍ കുറിച്ചു.

Read more

1997 ലെ കേപ്ടൗണ്‍ ടെസ്റ്റില്‍ സച്ചിനാണ് അവസാനമായി ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി നേടിയിട്ടുളള ഇന്ത്യന്‍ നായകന്‍. ഡോണ്‍ ബ്രാഡ്മാന്‍, ക്ലൈവ് ലോയിഡ്, ബ്രയാന്‍ ലാറ, മഹേള ജയവര്‍ദ്ധനെ, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരാണ് 14 ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുളള നായന്മാര്‍.