ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ഇന്ത്യയെ വലച്ച് സൂപ്പര്‍ പേസറുടെ പരിക്ക്. ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്നവരിലുള്ള ദീപക് ചാഹറിനാണ് പരിക്കേറ്റിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 കളിച്ച താരം ഏകദിന പരമ്പരക്കുള്ള ടീമിലും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ആദ്യ മത്സരം കളിച്ചിരുന്നില്ല. രണ്ടാം മത്സരത്തിനായി തയാറെടുക്കവേയാണ് താരത്തെ പരിക്ക് കീഴടക്കിയിരിക്കുന്നത്.
പുറംവേദനയെ തുടര്‍ന്നാണ് താരം പരമ്പരയില്‍നിന്ന് പിന്മാറിയിരിക്കുന്നത്. ‘ഗുരുതരമായ പ്രശ്നങ്ങളല്ല. എന്നാല്‍ ലോകകപ്പിന് പ്രാധാന്യം നല്‍കേണ്ടതിനാലാണ് അവനോട് എന്‍സിഎയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ അവനുണ്ടാവില്ല. ഷമിക്കും ദീപക്കിനും ടീമില്‍ ഇടം ലഭിക്കാന്‍ ഫിറ്റ്നസ് ടെസ്റ്റ് പാസാവേണ്ടതായുണ്ട്. രണ്ട് പേരും ഫിറ്റ്നസ് ടെസ്റ്റ് പാസായാല്‍ 13ാം തീയ്യതി ഓസ്ട്രേലിയയിലേക്ക് പോകും’ ബിസിസിഐ വൃത്തം പറഞ്ഞു.
നിലവില്‍ മുഹമ്മദ് ഷമിയോടൊപ്പം ദീപക്കിനോടും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 12ാം തീയ്യതിയാണ് ഇരുവരുടേയും ഫിറ്റ്നസ് ടെസ്റ്റ്. ഇതിന്റെ അടിസ്ഥാനത്തിലാവും ഇരുവരുടെയും ടി20 ലോകകപ്പിലെ സാധ്യതകളടക്കം വ്യക്തമാവുന്നത്.
മുഹമ്മദ് ഷമിക്കാണ് ഇന്ത്യ ബുംറയുടെ പകരക്കാരനായി മുഖ്യ പരിഗണന നല്‍കുന്നത്. എന്നാല്‍ ഷമിയും ഫിറ്റ്നസ് പ്രശ്നങ്ങള്‍ നേരിടുന്നു എന്നത് വെല്ലുവിളിയാണ്. ഇവര്‍ രണ്ട് പേരും ഫിറ്റല്ലെങ്കില്‍ ഇന്ത്യയ്ക്ക് മുഹമ്മദ് സിറാജിനെ ലോകകപ്പ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടിവരും. നിലവില്‍ താരത്തിന്റെ പ്രകടനം അത്ര മികച്ചതല്ല.