ഉംറാന്‍ മാലിക്കിന് എങ്ങനെയാണ് ഇത്ര വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്നത് എന്നതില്‍ ആശ്ചര്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ട്ട്‌ജെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ബോളര്‍ മാലിക് ആയിരുന്നു. സണ്‍റൈസേഴ്‌സിനായി സ്ഥിരമായി 150 കിലോമീറ്റര്‍ വേഗതയിലാണ് താരം ബോള്‍ ചെയ്തത്. ഐപിഎല്‍ 2022 സീസണിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഡെലിവറിയും ഈ 23 കാരന്റേതായിരുന്നു.
‘ഉംറാന്‍ മാലിക് വളരെ നല്ല ബോളറാണ് വളരെ വേഗത്തില്‍ എറിയുന്നവന്‍. തനിക്ക് ചെയ്യാന്‍ കഴിയുന്നത് അദ്ദേഹം കാണിച്ചുതന്നിട്ടുണ്ട്. അവന് വേഗത കണ്ടെത്താനായാല്‍ അവനു നല്ലത്. അതുപോലെ എനിക്കും. ഏറ്റവും വേഗതയേറിയ പന്ത് എറിയാന്‍ ഞങ്ങള്‍ മത്സരിക്കുന്ന ഘട്ടത്തിലാണെന്ന് ഞാന്‍ കരുതുന്നില്ല. മത്സരം വിജയിക്കുകയും അതിന് മികച്ച സംഭാവന നല്‍കാന്‍ ശ്രമിക്കുന്നതിലുമാണ് ശ്രദ്ധ’ നോര്‍ട്ട്‌ജെ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമിലുണ്ടെങ്കിലും ഉമ്രാന് ഇത് വരെ പ്ലെയിംഗ് ഇലവനില്‍ ഇടംകിട്ടിയിട്ടില്ല. ആവേഷ് ഖാന് ആദ്യ മൂന്ന് മത്സരത്തിലും കാര്യമായ ചലനം സൃഷ്ടിക്കാനാവാത്തതിനാല്‍ താരം പുറത്തുപോയി ഉമ്രാന്‍ മാലിക് ടീമിലിടം പിടിച്ചേക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ ടീമിന് വേഗതയില്‍ ബോളെറിയുന്ന താരങ്ങളുടെ അഭാവം ഉണ്ടെന്നിരിക്കെ ഉമ്രാന്റെ വരവ് ടീമിന് നിര്‍ണായക ശക്തിയാകും. തുടര്‍ച്ചയായി 150 പ്ലസ് വേഗത്തില്‍ ബോളെറിയുന്ന താരം നെറ്റ്‌സ് പരിശീലനത്തില്‍ 167 വേഗം കുറിച്ച് ഞെട്ടിച്ചിരുന്നു.