ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ വെസ്റ്റ് ഇൻഡീസ് പേസർ അൽസാരി ജോസഫിന് കോപം നഷ്ടപ്പെട്ട് ഫീൽഡിന് പുറത്തേക്ക് പോയ ഒരു സംഭവം ഉണ്ടായി. ഇത് ഒരു ഓവറിൽ ടീമിനെ 10 ഫീൽഡർമാർ എന്ന നിലയിലേക്ക് ചുരുങ്ങുകയും ചെയ്തു.
മത്സരത്തിന്റെ മൂന്നാം ഓവറിലാണ് സംഭവം നടന്നത്. ഫീൽഡ് പ്ലെയ്‌സ്‌മെൻ്റിനെക്കുറിച്ച് ജോസഫ് തൻ്റെ ക്യാപ്റ്റൻ ഷായ് ഹോപ്പുമായി നീണ്ട ചർച്ചയിൽ ഏർപ്പെട്ടിരുന്നു. എന്നിരുന്നാലും, ഹോപ്പ് നൽകിയ ഫീൽഡ് ഫാസ്റ്റ് ബൗളർക്ക് അത്ര സുഖമായി തോന്നിയില്ല.
സംഭവത്തിൽ രോഷാകുലനായ ജോസഫ്, ഇംഗ്ലണ്ട് താരം ജോർദാൻ കോക്സിന് 148 കി.മീ/92 മൈൽ ബൗൺസർ എറിഞ്ഞു, ഇംഗ്ലീഷ് ബാറ്റർക്ക് അതിനുള്ള ഉത്തരം ഇല്ലായിരുന്നു. കോക്‌സ് ലൈനിൽ നിന്ന് പുറത്ത് കളിക്കാൻ ശ്രമിച്ചെങ്കിലും അത് ഒരു എഡ്ജ് ആയി വിക്കറ്റ്‌കീപ്പറുടെ കൈയിൽ അവസാനിക്കുകയായിരുന്നു.
വെസ്റ്റ് ഇന്ത്യൻ താരങ്ങളെല്ലാം ആഹ്ലാദത്തിൽ ആഘോഷിച്ചപ്പോൾ ജോസഫിന് തൻ്റെ ക്യാപ്റ്റനോട് അപ്പോഴും കലിപ്പിൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ സഹ പേസർ ജെയ്ഡൻ സീൽസ് മുഖത്ത് ഒരു ടവൽ തടവി ശാന്തനാക്കാൻ പോലും ശ്രമിച്ചെങ്കിലും ജോസഫ് ചെവിക്കൊണ്ടില്ല. ആ ദേഷ്യത്തിൽ തന്നെ തന്റെ ഓവർ പൂർത്തിയാക്കിയ താരം പുറത്തേക്ക് നടന്നു. എന്തായാലും ഒരു ഓവർ കഴിഞ്ഞതിന് ശേഷം താരം തിരികെ എത്തുകയും ചെയ്തു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.