ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റില്‍ ആത്യന്തിക ആധിപത്യം പ്രകടിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഴ് വിക്കറ്റിന് വിജയിച്ചു. മഴമൂലം കളി രണ്ടര ദിവസത്തോളം മുടങ്ങിയെങ്കിലും ടെസ്റ്റില്‍ ഒരു സെഷന്‍ ശേഷിക്കെ ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ജയത്തോടെ ഇന്ത്യ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി.
അഞ്ചാം ദിനത്തില്‍ ഇന്ത്യന്‍ മുന്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറിനോട് ബംഗ്ലാദേശ് ബാറ്റര്‍മാര്‍ക്ക് നല്‍കാന്‍ എന്തെങ്കിലും ഉപദേശമുണ്ടോ എന്ന് മുന്‍ ബംഗ്ലാദേശ് താരം അതര്‍ അലി ചോദിച്ചു. ‘ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍, പെട്ടെന്ന് പുറത്തുപോകാന്‍ ഞാന്‍ പറയും’ എന്നായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ മറുപടി.
കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയ 2-0 പരമ്പര വിജയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിംഗില്‍ അവരുടെ സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു. ഏഴ് വിക്കറ്റിന്റെ വിജയത്തോടെ, ഇന്ത്യ തങ്ങളുടെ പോയിന്റ് ശതമാനം മെച്ചപ്പെടുത്തി 74.24 ആയി ഉയര്‍ത്തി. തോല്‍വി നേരിട്ട ബംഗ്ലാദേശാകട്ടെ 34.38 ശതമാനവുമായി ഏഴാം സ്ഥാനത്തേക്ക് വീണു.
62.50 പോയിന്റുമായി ഓസ്ട്രേലിയ 12 കളികളില്‍ എട്ട് വിജയവുമായി രണ്ടാം സ്ഥാനത്തും ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകള്‍ യഥാക്രമം 55.56, 42.19 പോയിന്റ് ശതമാനവുമായി മൂന്നും നാലും സ്ഥാനങ്ങളിലുമുണ്ട്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവരാണ് യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളില്‍.