ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തങ്ങളുടെ ഹോം പരമ്പരയിൽ ചില മുതിർന്ന താരങ്ങൾ ഇല്ലെങ്കിലും ഇന്ത്യ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് വിശ്വസിക്കുന്നു. രണ്ടാം നിര ടീമുമായി നടത്തുന്ന മികച്ച പോരാട്ടത്തെ അഭിനന്ദിക്കുന്നു എന്നും ഇൻസമാം പറഞ്ഞു.
വിശാഖപട്ടണത്ത് ഇന്നലെ (ജൂൺ 14) നടന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ സാധ്യത നിലനിർത്താൻ ഇറങ്ങിയ മെൻ ഇൻ ബ്ലൂ, പ്രോട്ടീസിനെതിരെ 48 റൺസിന്റെ വിജയം രേഖപ്പെടുത്തി.
തിരക്കേറിയ ഐപിഎൽ സീസണും നിർണായകമായ ഇംഗ്ലണ്ട് പര്യടനവും വരാനിരിക്കെ, സെലക്ഷൻ കമ്മിറ്റി നടന്നുകൊണ്ടിരിക്കുന്ന പരമ്പരയ്‌ക്കായി ഒരു രണ്ടാം നിര ടീമിനെയാണ് തിരഞ്ഞെടുത്തത്. രോഹിത് ശർമ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ച ഇന്ത്യ യുവതാരങ്ങൾക്കാണ് അവസരം കൊടുത്തത്. രാഹുലിന് പരിക്കേറ്റത് ഉൾപ്പടെ വലിയ തിരിച്ചടികളോടെയാണ് പരമ്പരയിൽ ഇന്ത്യ ഇറങ്ങിയത്.
പരമ്പരയെക്കുറിച്ച് ചോദിച്ചപ്പോൾ മുൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ- “ഇന്ത്യ ഇപ്പോൾ പരമ്പരയിൽ തിരിച്ചുവന്നിരിക്കുന്നു. ദക്ഷിണാഫ്രിക്കക്ക് ആണ് ഇപ്പോൾ സമ്മർദ്ദം, കാരണം സ്വന്തം തട്ടകത്തിൽ ഇന്ത്യ അത്ര എളുപ്പം തോൽക്കില്ല. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും കെഎൽ രാഹുലും ഇല്ലാതെ ഇന്ത്യ വിജയിച്ചിട്ടുണ്ടെങ്കിൽ അതിനെ അഭിനന്ദിക്കണം.”
“[ഇഷാൻ] കിഷനും [രുതുരാജ്] ഗെയ്‌ക്‌വാദും കളിച്ചത് പോലെ കളിച്ചാൽ, ടീമിന്റെ മനോവീര്യം ഉയരും. ഇത് ഇന്ത്യയുടെ ടീമിന്റെ ആഴം കാണിക്കുന്നു. രണ്ടാം നിര ടീംമികച്ച പോരാട്ടം നടത്തുന്നു, അത് കാണാൻ തന്നെ നല്ലതാണ്. ദ്രാവിഡ് ഇതിനകം തന്നെ അണ്ടർ 19 ടീമിനൊപ്പം പ്രവർത്തിച്ച പരിചയമുണ്ട്, ഇവിടെയും അദ്ദേഹം അത് പ്രയോഗിക്കുന്നു.”
വെള്ളിയാഴ്ചയാണ് പരമ്പരയിലെ നാലാമത്തെ മത്സരം.