വിവാദ പ്രസ്താവനകൾ നടത്തുന്നത് മൈക്കൽ വോണിൻ്റെ ശീലമാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യ തങ്ങളെ വഞ്ചിച്ചെന്ന് മുൻ ക്യാപ്റ്റൻ ആരോപിച്ചു. ആർ അശ്വിൻ്റെ പന്തിൽ ജോ റൂട്ട് പുറത്തായ സംഭവം വെച്ചിട്ടാണ് തങ്ങളെ `ഇന്ത്യയെ വഞ്ചിച്ചെന്നുള്ള ആരോപണം മുൻ ഇംഗ്ലണ്ട് നായകൻ പറഞ്ഞത്
ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ റൂട്ടിന് രണ്ടാം ഇന്നിങ്സിൽ നേടാനായത് 11 റൺസ് മാത്രമാണ്. ആർ അശ്വിന്റെ പന്തിൽ റൂട്ട് വിക്കറ്റിന് മുന്നിൽ കുടുങ്ങുക ആയിരുന്നു. എന്നാൽ ഓൺ ഫീൽഡ് അമ്പയർ വിക്കറ്റ് നൽകിയില്ല. രോഹിത് ശർമ്മ ഡിആർഎസ് എടുത്തു, മൂന്നാം അമ്പയർ ഇന്ത്യക്ക് അനുകൂലമായി വിധിച്ചതിനെത്തുടർന്ന് താരത്തിന് മടങ്ങേണ്ടി വന്നു.
വോൺ നേരിട്ട് ഒന്നും പറഞ്ഞില്ലെങ്കിലും റൂട്ട് പുറത്തായ പന്ത് പല ആംഗിളുകളിൽ നിന്നുള്ള റീപ്ലേ ദൃശ്യങ്ങൾ എന്തുകൊണ്ടാണ് കാണിക്കാത്തത് എന്നും അതിൽ ചതിയുണ്ടെന്നുമാണ് അഭിപ്രായപ്പെട്ടത്.
“റൂട്ടിന്റെ ഡിസ്മിസലിൻ്റെ പല റീപ്ലേകളും എന്തുകൊണ്ടാണ് ഞങ്ങൾ കാണാത്തതെന്ന് അറിയാൻ താൽപ്പര്യമുണ്ട്… തീർച്ചയായും ഇത് ഇന്നിംഗ്‌സിൻ്റെ പ്രധാന നിമിഷമാണ്, അത് കൂടുതൽ കാണിക്കാതിരുന്നത് വളരെ മോശമായി പോയി. #INDvENG,” അദ്ദേഹം X-ൽ എഴുതി.
അതേസമയം മത്സരത്തിലേക്ക് ഇന്ത്യ പതുക്കെ പതുക്കെ തിരിച്ചുവരുന്ന കാഴ്ചയാണ് കാണാൻ പറ്റുന്നത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 137 / 8 എന്ന നിലയിൽ പതറുകയാണ്. നിലവിൽ ഇംഗ്ലണ്ട് 184 റൺസ് ലീഡാണ് ഉള്ളത്.