ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ടീമിന്റെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ രണ്ട് പോയിന്റ് വെട്ടിക്കുറച്ച സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. സംഭവത്തില്‍ നിരാശ പ്രകടപ്പിച്ച കോഹ്‌ലി ഇനിയുള്ള മത്സരങ്ങളില്‍ ഇത്തരമൊരു അബദ്ധം സംഭവിക്കാതെ നോക്കുമെന്നു പറഞ്ഞു.
‘രണ്ടു വിലപ്പെട്ട പോയിന്റ് നഷ്ടമായതില്‍ ഞങ്ങള്‍ സന്തുഷ്ടരല്ല. വെറും രണ്ടോവറുകള്‍ മാത്രമായിരുന്നു മല്‍സരത്തില്‍ വൈകിയത്. പക്ഷെ ഇങ്ങനെയാണ് അതു കൊണ്ട് സംഭവിക്കുക. ഞങ്ങള്‍ക്കു ഇനി ഇതു ശ്രദ്ധിക്കേണ്ടതുണ്ട്’ കോഹ്‌ലി പറഞ്ഞു.
ഇരു ടീമുകള്‍ക്കും മാച്ച് ഫീയുടെ 40 ശതമാനം തുക പിഴ വിധിച്ചതിന് പുറമേയാണ് ഇരുടീമിന്റെയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ രണ്ട് പോയിന്റ് ഐ.സി.സി വെട്ടിക്കുറച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇത്തരത്തില്‍ പോയിന്റ് നഷ്ടമാവുന്നത് ടീമുകളെ പിന്നീട് സാരമായി ബാധിച്ചേക്കും.
ആദ്യ ടെസ്റ്റില്‍ സമനില നേടിയ ഇരു ടീമുകള്‍ക്കും 4 വീതം പോയിന്റു വീതമാണ് ലഭിച്ചത്. ഓവര്‍ നിരക്കില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഇതില്‍ നിന്ന് 2 പോയിന്റ് വീതം ഇരുടീമിനും നഷ്ടമായി. ഇന്നു മുതലാണ് ലോര്‍ഡ്‌സിലാണ് പരമ്പരയിലെ രണ്ടാം മത്സരം.