ആഷസിനാണോ, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കാണോ ഏറ്റവും കൂടുതല്‍ ജനപ്രീതിയെന്നുള്ള കാര്യത്തില്‍ പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ജനപ്രീതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സമ്മതിച്ച പോണ്ടിംഗ് ഈ വര്‍ഷം ഇംഗ്ലണ്ട് ഓസ്‌ട്രേലിയ സന്ദര്‍ശിക്കുമ്പോള്‍ ഇതില്‍ ഒരു അവസാന തീരുമാനമുണ്ടാകുമെന്ന് പ്രതികരിച്ചു.
ഞാന്‍ കണക്കുകള്‍ പരിശോധിച്ചു, ഇത് 837,000ത്തോളം ആളുകള്‍ ടെസ്റ്റ് മത്സരങ്ങള്‍ കാണാന്‍ വന്നു. ഇത് ഓസ്‌ട്രേലിയയില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ജനപ്രീതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയാം. ഈ വര്‍ഷം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ സന്ദര്‍ശിക്കുമ്പോള്‍ ഏത് പരമ്പരയാണ് കൂടുതല്‍ ജനപ്രിയമെന്ന് ആരാധകര്‍ക്ക് അറിയാന്‍ കഴിയും- പോണ്ടിംഗ് പറഞ്ഞു.
എല്ലാ ടെസ്റ്റ് മത്സരങ്ങളും അഞ്ച് ദിവസം നടന്നിരുന്നെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ കാണികളെ ലഭിക്കുമായിരുന്നു. പെര്‍ത്ത് ടെസ്റ്റ് നാല് ദിവസമാണ് നീണ്ടുനിന്നത്. അഡ്ലെയ്ഡിലും സിഡിനിയിലും മൂന്ന് ദിവസം മാത്രമാണ് കളിച്ചത്. മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റ് മത്സരം മാത്രമാണ് പരമ്പരയിലെ അവസാന ദിനത്തിലേക്ക് കടന്നത്. മുഴുവന്‍ ദിവസവും കളിച്ചിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു- പോണ്ടിംഗ് കൂട്ടിചേര്‍ത്തു.
ഇത്തവണ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും റെക്കോര്‍ഡ് കാണികളെത്തിയിരുന്നു. മൊത്തം 837,879 പേരാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മത്സരം കാണാനെത്തിയത്. റെക്കോഡ് കാണികളാണിത്. 1936-37, 2017-18, 1946-47 ആഷസ് പരമ്പരകള്‍ക്ക് പിന്നില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം കാണികള്‍ കാണാനെത്തിയ നാലാമത്തെ പരമ്പരയായിരുന്നു ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി.