കരുത്തനാരെന്ന് വീണ്ടും തെളിയിച്ച് സ്മിത്ത്; ഇംഗ്ലണ്ടിന് രക്ഷയില്ല: നാലം ആഷസ് സമനിലയില്‍

ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ചതാരെന്ന താരം ആരെന്നുള്ളതിന് അടിവരയിട്ട് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് സ്മിത്തിന്റെ സെഞ്ച്വറി മികവില്‍ ഓസ്‌ട്രേലിയ മത്സരം സമനിലയാക്കി. കരിയറിലെ 23ാം ടെസ്റ്റ് സെഞ്ച്വറിക്കാണ് നാലാം ടെസ്റ്റ് സാക്ഷിയായത്. 259 ബോളില്‍ നിന്നാണ് കംഗാരുപ്പട നായകന്റെ സെഞ്ച്വറി.

ഈ പരമ്പരയില്‍ താരത്തിന്റെ മൂന്നാം സെഞ്ച്വറി നേട്ടം കൂടിയാണിത്. ഒന്നാമിന്നിങ്സില്‍ 164 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഓസീസ് രണ്ടാമിന്നിങ്സ് നാലു വിക്കറ്റിന് 263 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ ഇരുക്യാപ്റ്റന്‍മാരും സമനില സമ്മതിച്ചു പിരിയുകയായിരുന്നു. അവസാന ദിനം ഓസീസ് നിരയുടെ രണ്ടു വിക്കറ്റുകള്‍ മാത്രം വീഴ്ത്താനാണ് ഇംഗ്ലീഷ് ബോളര്‍മാര്‍ക്ക് സാധിച്ചത്. ഡേവിഡ് വാര്‍ണര്‍, ഷോണ്‍ മാര്‍ഷ് എന്നിവരുടെ വിക്കറ്റുകളാണ് അഞ്ചാം ദിനം ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്.

സ്‌കോര്‍: ഓസ്ട്രേലിയ 327, നാലിന് 263 ഡിക്ലയേര്‍ഡ്. ഇംഗ്ലണ്ട് 491. കളി അവസാനിക്കുമ്പോള്‍ 102 റണ്‍സോടെ സ്മിത്തും 29 റണ്‍സെടുത്ത മിച്ചെല്‍ മാര്‍ഷുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. കാമറണ്‍ ബാന്‍ക്രോഫ്റ്റ്, ഉസ്മാന്‍ കവാജ, എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായ മറ്റു വിക്കറ്റുകള്‍.

രണ്ടു വിക്കറ്റിന് 103 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് വാര്‍ണറുടെയും മാര്‍ഷിന്റെയും വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 3-0ന് മുന്നിലാണ്.