ജോ റൂട്ടിന്റെ നായകത്വത്തില്‍ ആഷസിന് ഇംഗ്ലണ്ടിറങ്ങുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഇംഗ്ലീഷ് കളിക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ ഇത്തവണ ആഷസ് നടക്കില്ലെന്ന് ആശങ്ക നിലനില്‍ക്കവേയാണ് ഇസിബിയുടെ അറിയിപ്പ് എത്തിയിരിക്കുന്നത്.
എന്നാല്‍ ഇംഗ്ലണ്ട് ടീമില്‍ സീനിയര്‍ താരമായ ജോസ് ബട്‌ലര്‍, ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് പരിക്കേറ്റ ഫാസ്റ്റ് ബോളര്‍ ജൊഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഉണ്ടാവില്ല. വിദേശ ടീമുകള്‍ക്ക് ആസ്‌ട്രേലിയ ഏര്‍പ്പെടുത്തുന്ന കോവിഡ് നിയന്ത്രണങ്ങളാണ് കളിക്കാരില്‍ അതൃപ്തി സൃഷ്ടിച്ചത്. കുടുംബത്തെ കൂടെ കൊണ്ടുവരാന്‍ അനുവദിക്കാതെ ബയോബബ്‌ളില്‍ ഏറെ കാലം കഴിയേണ്ടിവരുന്നത് കളിക്കാരുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നതായി വിലയിരുത്തലുണ്ട്.
2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബര്‍ 8ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയില്‍ ആണ് നടക്കുക. ഡിസംബര്‍ 8, 16, 26 അടുത്ത വര്‍ഷം ജനുവരി 5, 14 എന്നീ തിയതികളിലാണ് മത്സരങ്ങള്‍ നടക്കുക.
അഡിലെയ്ഡ് ഓവലില്‍ ഡിസംബര്‍ 16ന് ആരംഭിയ്ക്കുന്ന രണ്ടാം മത്സരം പിങ്ക് ബോള്‍ ടെസ്റ്റായിരിക്കും. മൂന്നാം ടെസ്റ്റ് മെല്‍ബണിലും നാലാം ടെസ്റ്റ് സിഡ്നിയിലും അവസാന ടെസ്റ്റ് പെര്‍ത്തിലും നടക്കും.