ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ കോച്ച് ഗൗതം ഗംഭീറും മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ച് ആര്‍ അശ്വിന്‍. രാഹുല്‍ ദ്രാവിഡ് കൃത്യനിഷ്ഠയ്ക്ക് ഏറെ പ്രധാന്യം നല്‍കുന്നയാളാണെന്നും എന്നാല്‍ ഗംഭീര്‍ വളരെ റിലാക്‌സായ കോച്ചാണെന്നും അശ്വിന്‍ പറഞ്ഞു.
ഗംഭീര്‍ എല്ലായ്പ്പോഴും വളരെ റിലാക്സായിട്ടാണ് കാണപ്പെടാറുള്ളത്. ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും അദ്ദേഹത്തില്‍ കാണപ്പെടാറില്ല. രാവിലെ എല്ലാവരും കൂടി ഒരുമിച്ച് ഒരു ടീം മീറ്റിങ്ങുണ്ടാവും. ഈ മീറ്റിംഗിലും ഗംഭീര്‍ വളരെ റിലാക്സായിട്ട് തന്നെയാണ് സംസാരിക്കാറുള്ളത്. നീ വരുന്നുണ്ടോ, ദയവു ചെയ്ത് വരൂയെന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം
രാഹുല്‍ ഭായിയുടെ രീതികള്‍ തികച്ചും വ്യത്യസ്തമാണ്. നമ്മള്‍ വന്നുകഴിഞ്ഞാല്‍ എല്ലാ കാര്യങ്ങളും വളരെ അടുക്കും ചിട്ടയിലും വേണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ട്. ഒരു ബോട്ടില്‍ പോലും ഒരു പ്രത്യേക സമയത്ത്, ഒരു പ്രത്യേക സ്ഥലത്തു വയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്. ഒരു സൈനിക രീതിയിലാണ് ദ്രാവിഡിന്റേത്. എല്ലാ കാര്യങ്ങളും വളരെ കൃത്യമായിരിക്കണമെന്നു അദ്ദേഹത്തിനു നിര്‍ബന്ധമാണ്.
ഗംഭീര്‍ അങ്ങനെയൊന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. വളരെ റിലാക്സായി എല്ലാത്തിനെയും സമീപിക്കുന്ന, ഒരു കാര്യത്തിലും നിര്‍ബന്ധം പിടിക്കാത്തയാളാണ്. ഗംഭീര്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള വ്യക്തിയാണ്. എല്ലാവരുടെയും ഹൃദയത്തെ പിടിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ഗംഭീറിനു ടീമിലെ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു- അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.