'അശ്വിന്‍ ആ ഇതിഹാസ താരത്തെ ഓര്‍മ്മിപ്പിക്കുന്നു'; ചെന്നൈ ടെസ്റ്റ് സെഞ്ച്വറിക്ക് പിന്നാലെ പ്രശംസയുമായി മുന്‍ താരം

ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആര്‍ അശ്വിന്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. 144/6 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍, രവീന്ദ്ര ജഡേജയ്ക്കൊപ്പം ഏഴാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ, ആതിഥേയരെ ഡ്രൈവിംഗ് സീറ്റില്‍ ഇരുത്തിയ അശ്വിന്റെ കൗണ്ടര്‍ അറ്റാക്കിംഗില്‍ സന്തുഷ്ടനായി. അശ്വിനെ ഇതിഹാസ താരം വിവിഎസ് ലക്ഷ്മണുമായി അജയ ജഡേജ താരതമ്യം ചെയ്തു. തന്റെ ടെസ്റ്റ് കരിയറില്‍ ഉടനീളം മാച്ച് വിന്നിംഗ് ഇന്നിംഗ്സുകള്‍ കളിച്ചതിന് ലക്ഷ്മണ്‍ പ്രശസ്തനായിരുന്നു.

ഒന്നാം ഇന്നിംഗ്സില്‍ ലക്ഷ്മണനെപ്പോലെയുള്ള ഒരു ഇന്നിംഗ്‌സാണ് അദ്ദേഹം നടത്തിയത്. വാസ്തവത്തില്‍, ഇന്ത്യക്ക് വേണ്ടി നിരവധി മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകള്‍ കളിച്ച വിവിഎസ് ലക്ഷ്മണിനെ അദ്ദേഹം എന്നെ ഓര്‍മ്മിപ്പിക്കുന്നു. ടീമിന് വേണ്ടി അശ്വിനും അത് തന്നെയാണ് ചെയ്യുന്നത്. ദേശീയ ടീമിനൊപ്പമുള്ള സമയത്തിലുടനീളം ലക്ഷ്മണ്‍ താഴ്ന്ന ഓര്‍ഡറില്‍ ബാറ്റ് ചെയ്തു. അശ്വിനും സമാനമായ ബാറ്റിംഗ് സ്ഥാനമുണ്ട്- അജയ് ജഡേജ പറഞ്ഞു.

10 ഫോറും 2 സിക്സും സഹിതം പുറത്താകാതെ 102 റണ്‍സാണ് വലംകൈയ്യന്‍ താരം നേടിയത്. താരത്തിന്റെ ആറാം സെഞ്ച്വറി പ്രകടനമായിരുന്നു ഇത്. മറുവശത്ത്, അദ്ദേഹത്തിന്റെ ബാറ്റിംഗ് പങ്കാളി രവീന്ദ്ര ജഡേജ 10 ബൗണ്ടറികളും 2 സിക്സറുകളും ഉള്‍പ്പെടെ 86 റണ്‍സെടുത്തു.

Read more

രോഹിത് ശര്‍മ്മ (6), ശുഭ്മാന്‍ ഗില്‍ (0), വിരാട് കോഹ്ലി (6), കെഎല്‍ രാഹുല്‍ (16) എന്നിവര്‍ നിരാശപ്പെടുത്തി. യശസ്വി ജയ്സ്വാളും (56) ഋഷഭ് പന്തും (39) വിലപ്പെട്ട സംഭാവനകള്‍ നല്‍കി. മത്സരത്തിന്റെ ഒന്നാം ദിനം ഇന്ത്യ 80 ഓവറില്‍ 339/6 എന്ന നിലയിലാണ്.