ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മുന്‍താരങ്ങള്‍ അടക്കമുള്ളവര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തീരുമാനത്തിനെതിരെ രംഗത്തു വന്നു. എന്നാല്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ നിന്ന് തന്നെ എന്തുകൊണ്ട് തഴഞ്ഞതെന്ന് അശ്വിന്‍ തുറന്നുപറയുന്നു.
ലോര്‍ഡ്‌സില്‍ കളിക്കാന്‍ ഒരുങ്ങാനാണ് ടീം മാനേജ്‌മെന്റ് എന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ ലണ്ടനിലെ കാലാവസ്ഥ പെട്ടെന്ന് മാറി. മഴ പെയ്യാന്‍ തുടങ്ങി. അതോടെ ഇഷാന്ത് ശര്‍മ്മയ്ക്ക് അവസരം നല്‍കി- അശ്വിന്‍ പറഞ്ഞു.രസകരമായ കാര്യം മത്സരത്തിന് മുമ്പ് എന്നോട് കളിക്കാന്‍ തയ്യാറെടുക്കാന്‍ പറഞ്ഞു. ലണ്ടനില്‍ ഉഷ്ണതരംഗമുണ്ടായിരുന്നു. പ്രഭാത ഭക്ഷണത്തിന് തയ്യാറെടുക്കവെ മഴ തുടങ്ങി. ഉഷ്ണതരംഗത്തിന്റെ കാര്യം എന്തുകൊണ്ട് പറഞ്ഞില്ലെന്നും നിരാശപ്പെടാന്‍ മാത്രം എനിക്കെന്തിന് പ്രതീക്ഷ നല്‍കിയെന്നും ചോദിച്ചു- അശ്വിന്‍ വെളിപ്പെടുത്തി.
ട്രന്റ് ബ്രിഡ്ജിലെ ആദ്യ ടെസ്റ്റില്‍ അശ്വിനു പകരം രവീന്ദ്ര ജഡേജയെയാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ജഡേജ തിളങ്ങിയതോടെ അശ്വിന്റെ സാദ്ധ്യതയില്‍ മങ്ങല്‍ വീണു. ലോര്‍ഡ്‌സില്‍ കാലാവസ്ഥ അശ്വിന്റെ വഴിയടച്ചു. രണ്ടാം ടെസ്റ്റില്‍ ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഇടയില്ലാത്തതിനാല്‍ ലീഡ്‌സിലും അശ്വിന്‍ പുറത്തിരിക്കാനാണ് സാദ്ധ്യത.