ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംമ്ര കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി ടീമിലെത്തും. അതേസമയം സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി ബുംറ ശ്രീലങ്കയിലേക്ക് തിരിച്ചെത്തും.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്കാണ് നേപ്പാളിനെതിരായ ഇന്ത്യയുടെ മത്സരം. നേപ്പാളിനെ നേരിടുമ്പോള്‍ ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത് മികച്ച ജയവും മുന്‍നിരബാറ്റര്‍മാര്‍ക്ക് ഫോം വീണ്ടെടുക്കാനുള്ള അവസരവുമാണ്. പാകിസ്ഥാനെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അതിനാല്‍ സൂപ്പര്‍ ഫോറിലെത്താന്‍ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ തീരു.
നേപ്പാളാകട്ടെ ആദ്യകളിയില്‍ പാകിസ്ഥാനെതിരേ വന്‍തോല്‍വി വഴങ്ങിയാണ് എത്തുന്നത്. ടീമിന് ജയം അനിവാര്യമാണ്. കുശാല്‍ മല്ലയുടെ ബാറ്റിംഗിലാണ് ടീമിന്റെ പ്രതീക്ഷ. എന്നാല്‍ ഈ മത്സരത്തിലും മഴ ഭീഷണിയാകുമെന്നാണ് പ്രവചനം.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇന്ത്യ 2 പോയിന്റുമായി അടുത്ത ഘട്ടത്തിലേക്ക് (സൂപ്പര്‍ ഫോറിലേക്ക്) നീങ്ങും. അതേസമയം, ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനോട് 238 റണ്‍സിന് തോറ്റ നേപ്പാളിന് നാട്ടിലേക്ക് മടങ്ങേണ്ടി വരും.