ഏഷ്യാ കപ്പ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് നില്‍കുന്ന ഇന്ത്യ-പാക് പ്രശ്‌നത്തില്‍ ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് മുന്‍ താരം ജാവേദ് മിയാന്‍ദാദ്. പാകിസ്ഥാനെതിരെ കളിച്ച് തോല്‍ക്കുന്നത് ഇന്ത്യയെ ഭയപ്പെടുത്തുന്നെന്നും പാകിസ്ഥാനില്‍ വന്ന് കളിക്കാന്‍ ഭയമാണെങ്കില്‍ ഇന്ത്യയ്ക്ക് നരകത്തിലേക്ക് പോകാമെന്ന് ജാവേദ് പറഞ്ഞു.
എന്തുകൊണ്ടാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാന്‍ ഭയപ്പെടുന്നത്? പാകിസ്ഥാനോട് തോറ്റാല്‍ പൊതുജനങ്ങള്‍ അവരെ വെറുതെ വിടില്ലെന്ന് അവര്‍ക്കറിയാം. ക്രിക്കറ്റ് കളിക്കാന്‍ പാകിസ്ഥാനിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇന്ത്യക്ക് നരകത്തില്‍ പോകാം. പാകിസ്ഥാന് നിലനില്‍ക്കാന്‍ ഇന്ത്യയുടെ ആവശ്യമില്ല- ജാവേദ് മിയാന്‍ദാദ്.
പാകിസ്ഥാന്‍ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനമെടുക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ എ.സി.സി ചെയര്‍മാന്‍ ജയ് ഷായും പാക് ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ നജാം സേത്തിയും തമ്മിള്‍ കൊമ്പുകോര്‍ത്തെന്ന് റിപ്പോര്‍ട്ടുകള്‍. നജാം സേത്തി ജയ് ഷായോട് ചര്‍ച്ചയ്ക്കിടെ തട്ടിക്കയറിയെന്നാണ് റിപ്പോര്‍ട്ട്.
യോഗത്തില്‍ അമര്‍ഷം ആളിക്കത്തി. ലോകകപ്പിനായി പാകിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് നജാം സേത്തി ജയ് ഷായോട് കയര്‍ത്തു പറഞ്ഞു. ഐസിസിയെയും എസിസിയെയും ഇവിടെ കൂട്ടിക്കലര്‍ത്തരുതെന്ന് ജയ് ഷാ ഇതിന് മറുപടിയായി പറഞ്ഞു. പാകിസ്ഥാന്‍ പര്യടനത്തിന് തങ്ങളുടെ സര്‍ക്കാരിന്റെ അനുമതിയില്ലെന്നാണ് ബിസിസിഐ പറഞ്ഞത്.
2023ലെ ഏഷ്യാ കപ്പ് വേദി സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മാസം ചേരുന്ന എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ ഉണ്ടാകുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ പ്രശ്‌നത്തില്‍ ഇതിനകം തീരുമാനമായെന്നും ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ നിന്ന് മാറ്റുമെന്ന് തന്നെയാണ് അറിയുന്നത്. യുഎഇയാവും പുതിയ വേദി.