ഏഷ്യാ കപ്പിലെ ഇന്ത്യ -പാക് മത്സരത്തെ സംബന്ധിച്ച് വിലയിരുത്തലുമായി പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷുഐബ് അക്തര്‍. മത്സരത്തില്‍ പാക് ബോളര്‍മാര്‍ ഒരുപടി മുന്നിലായിരുന്നെന്നും ഏറെ വേവലാതിയോടെയാണ് നായകന്‍ രോഹിത് ശര്‍മ്മ ഷഹീന്‍ അഫ്രീദിയെ നേരിട്ടതെന്നും അക്തര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
അഫ്രീദിയുടെ ബോളിംഗ് വായിച്ചെടുക്കാനോ, മനസ്സിലാക്കാനോ രോഹിത് ശര്‍മയ്ക്കു ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഷഹീന് ബോളിംഗില്‍ എന്തൊക്കെ സാധിക്കുമെന്നും ബോള്‍ അകത്തേക്കു കൊണ്ടു വരുമെന്നുമൊക്കെ എല്ലാവര്‍ക്കുമറിയാം. ഷഹീനെതിരേ രോഹിത്തിന്റെ പക്കല്‍ ഒരു മറുപടിയും ഇല്ലായിരുന്നുവെന്നു പറയേണ്ടി വരും.
കഴിഞ്ഞ വര്‍ഷം ഷഹീനെതിരേ രോഹിത് ശര്‍മ കളിച്ചിരുന്നു. ഈ വര്‍ഷം വീണ്ടും കളിക്കുകയാണ്. ഒരുപാട് മല്‍സരങ്ങളില്‍ ഷഹീനെതിരേ ബാറ്റ് ചെയ്യാനുള്ള അവസരം രോഹിത്തിനു ലഭിക്കാറില്ല. ഷഹീനെ എങ്ങനെ ഫലപ്രദമായി നേരിടാമെന്ന് ഇപ്പോഴും രോഹിത്തിനു അറിയില്ല.
രോഹിത് ശര്‍മ ഇതിനേക്കാള്‍ ഒരുപാട് മികച്ച ബാറ്ററാണ്. ഇതിനേക്കാള്‍ വളരെ നന്നായിട്ട് അദ്ദേഹത്തിനു ബാറ്റ് ചെയ്യാനും സാധിക്കും. പക്ഷെ വളരെയധികം വേവലാതിയോടെയാണ് രോഹിത് ബാറ്റ് ചെയ്യുന്നതെന്ന് എനിക്ക് തോന്നി.
ഈ കളിയില്‍ പാകിസ്താന്‍ ബോളിംഗ് നിര അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. പക്ഷെ മധ്യ ഓവറുകളില്‍ പൂര്‍ണമായി സ്പിന്‍ ബോളര്‍മാരെ മാത്രം ഉപയോഗിക്കാനുള്ള നായകന്‍ ബാബര്‍ ആസമിന്റെ നീക്കം മികച്ചതായി തോന്നിയില്ല. സ്പിന്നര്‍മാര്‍ക്കൊപ്പം തന്നെ ഫാസ്റ്റ് ബോളര്‍മാരെക്കൊണ്ടും കുറച്ചു ഓവറുകള്‍ മാറി മാറി പരീക്ഷിക്കാമായിരുന്നു- അക്തര്‍ പറഞ്ഞു.