ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ കുഞ്ഞന്മാരായ നേപ്പാളിനെതിരെ ഇന്ത്യ ആലസ്യത്തില്‍. ആദ്യ ഏഴ് ബോളിനിടെ രണ്ട് ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്. ഷമി എറിഞ്ഞ ആദ്യ ഓവറിലെ ആറാം ബോളില്‍ കുഷാല്‍ ബുര്‍ത്തലിനെ ശ്രേസയ് സ്ലിപ്പില്‍ വിട്ടുകളഞ്ഞു. പിന്നാലെ സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ ബോളില്‍ ആസിഫ് ഷെയ്ക്കിനെ കവറില്‍ കോഹ്‌ലിയും വിട്ടുകളഞ്ഞു. രണ്ടും അനായാസ ക്യാച്ചായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഈ മത്സരം ജയിക്കേണ്ടത് ഇന്ത്യക്ക് അതിനിര്‍ണായകമാണ്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ബുംറക്ക് പകരം ഷമി ടീമിലെത്തി.
കഴിഞ്ഞ മത്സരത്തില്‍ മൂടിക്കെട്ടിയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത്തിന്റെ തീരുമാനത്തിന് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. സമാനമായ സാഹചര്യങ്ങള്‍ ആയതിനാല്‍ തന്നെ ഇന്ന് രോഹിത് ഫീല്‍ഡിങ്ങ് തിരഞ്ഞെടുക്കുക ആയിരുന്നു. മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യ അടുത്ത റൗണ്ടില്‍ എത്തും. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാതിരുന്ന ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് നിര്‍ണായക മത്സരങ്ങള്‍ വരാനിരിക്കെ ഫോം വീണ്ടെടുക്കേണ്ടതുണ്ട്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (ഡബ്ല്യു), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.