മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഓസ്ട്രേലിയ-പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റ് വിചിത്രമായ കാരണം കൊണ്ട് നിര്‍ത്തിവെക്കേണ്ടി വന്നു. മത്സരത്തിന്റെ മൂന്നാം ദിവസത്തിനിടെയാണ് സംഭവം. പ്രതികൂല കാലാവസ്ഥയോ ഔട്ട് ഫീല്‍ഡ് നനഞ്ഞാലോ മറ്റുമാണ് സാധാരണ മത്സരം നിര്‍ത്തിവെക്കാത്തത്. ഇന്നാലിവിടെ മത്സരം നിര്‍ത്തിവെക്കാന്‍ കാരണമായത് ഇതൊന്നുമല്ല.
തേര്‍ഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത് ലിഫ്റ്റില്‍ കുടുങ്ങിപോയതുകൊണ്ടാണ് മത്സരം അല്‍പ്പനേരം നിര്‍ത്തിവെക്കേണ്ടത് വന്നത്. മത്സരം നിര്‍ത്തേണ്ടിവന്നതിന്റെ കാരണമറിഞ്ഞ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്ക് ചിരി അടക്കാനായില്ല.
മത്സരം നിര്‍ത്തിവെച്ചുള്ള ഇടവേളയില്‍ ഫീല്‍ഡ് അംപയര്‍മാരും ഇക്കാര്യം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. എന്തായാലും മിനിറ്റുകള്‍ക്ക് ശേഷം ഇല്ലിംഗ്വര്‍ത്ത് തന്റെ ഇരിപ്പിടത്തില്‍ തിരിച്ചെത്തി. അദ്ദേഹം ചിരിച്ചുകൊണ്ട് ഗ്രൗണ്ടിലേക്ക് കൈ വീശി. പിന്നാലെ മത്സരം പുനഃരാരംഭിച്ചു.
പാകിസ്ഥാനെതിരെ ഒന്നാം ഇന്നിംഗ്സില്‍ 54 റണ്‍സിന്റെ ലീഡ് നേടിയ ശേഷം ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 113 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. സ്റ്റീവന്‍
സ്മിത്ത് (28), മിച്ചല്‍ മാര്‍ഷ് (61) എന്നിവരാണ് ക്രീസില്‍. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 318നെതിരെ പാകിസ്ഥാന്‍ 264ന് എല്ലാവരും പുറത്തായിരുന്നു.