പുരുഷന്മാർക്ക് പിന്നാലെ സ്ത്രീകളും; ഇന്ത്യയെ 122 റൺസിന് തകർത്ത് ഓസീസ് വനിതകൾ ഏകദിന പരമ്പര സ്വന്തമാക്കി

ജോർജിയ വോൾ, എല്ലിസ് പെറി എന്നിവരുടെ സെഞ്ച്വറികളുടെ പിൻബലത്തിൽ ഓസ്‌ട്രേലിയ രണ്ടാം വനിതാ ഏകദിനത്തിൽ ഇന്ത്യയെ 122 റൺസിന് തകർത്ത് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് അപരാജിത ലീഡ് നേടി. ഇന്ത്യക്കായി, മലയാളി ഓൾറൗണ്ടർ മിന്നു മണി 45 പന്തിൽ പുറത്താകാതെ 46 റൺസുമായി ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും ഫലം കണ്ടില്ല.

നേരത്തെ, യുവതാരം വോൾ 87 പന്തിൽ 101 റൺസ് അടിച്ചു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. തൻ്റെ രണ്ടാമത്തെ ഏകദിനത്തിലെ കന്നി സെഞ്ച്വറി. 75 പന്തിൽ ആറ് സിക്സും ഏഴ് ഫോറും സഹിതം 105 റൺസുമായി വെറ്ററൻ പെറിയും ഇന്ത്യൻ ബൗളിംഗിനെ ആക്രമിച്ചു കളിച്ചു. ഫോബ് ലിച്ച്ഫീൽഡ് (60), ബെത്ത് മൂണി (56) എന്നിവരിലൂടെ ഓസ്‌ട്രേലിയക്ക് രണ്ട് അർധസെഞ്ചുറികളും ഉണ്ടായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 44.5 ഓവറിൽ 249 റൺസിന് പുറത്തായി. 72 പന്തിൽ 54 റൺസെടുത്ത ഓപ്പണർ റിച്ച ഘോഷാണ് ടോപ് സ്‌കോറർ. ജെമീമ റോഡ്രിഗസ് (43), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (38) എന്നിവർ തങ്ങളുടെ തുടക്കം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. 8.5 ഓവറിൽ 4/38 എന്ന നിലയിൽ അന്നബെൽ സതർലാൻഡ് ഡിസ്ട്രോയർ ഇൻ ചീഫ് ആയിരുന്നു.ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച WACA യിൽ നടക്കും.