ട്വന്റി20 ലോക കപ്പ് സൂപ്പര്‍ 12ല്‍ ഓസ്‌ട്രേലിയ ജയത്തോടെ തുടങ്ങി. ബോളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ദക്ഷിണാഫ്രിക്കയ്ക്കുമേല്‍ ഓസീസിന്റെ ജയം. അവസാന ഓവറിലാണ് കംഗാരുപ്പട വിജയം ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 9 വിക്കറ്റിന് 118 റണ്‍സെടുത്തു. ചേസ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് ബലികഴിച്ച് 19.4 ഓവറില്‍ 121 റണ്‍സുമായി ജയം പിടിച്ചെടുത്തു.
അബുദാബിയിലെ പിച്ച് നല്‍കിയ അനുകൂല്യം ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരും മുതലാക്കിയപ്പോള്‍ അല്‍പ്പം വിയര്‍ത്താണ് ഓസ്‌ട്രേലിയ ലക്ഷ്യത്തിലെത്തിയത്. നായകന്‍ ആരോണ്‍ ഫിഞ്ച് (0), ഡേവിഡ് വാര്‍ണര്‍ (14), മിച്ചല്‍ മാര്‍ഷ് (11) എന്നിവരെ അധികം കളിക്കാന്‍ ദക്ഷിണാഫ്രിക്ക അനുവദിച്ചില്ല. എങ്കിലും സ്റ്റീവന്‍ സ്മിത്തും (35), ഗ്ലെന്‍ മാക്‌സ്‌വെല്ലും (18) പെട്ടെന്നൊരു തകര്‍ച്ച ഒഴിവാക്കി. എന്നാല്‍ ഇരുവരെയും വീഴ്ത്തി ദക്ഷിണാഫ്രിക്ക കളിയില്‍ പിടിമുറുക്കി.
പക്ഷേ, അവസാന അംഗീകൃത ബാറ്റ്‌സ്മാന്‍മാരായ മാര്‍ക്വസ് സ്‌റ്റോയിനിസും (24 നോട്ടൗട്ട്) മാത്യു വേഡും (15 നോട്ടൗട്ട്) ചേര്‍ന്ന് സമ്മര്‍ദ്ദത്തെ മറികടന്ന് ഓസീസ് വിജയമൊരുക്കി. സ്‌റ്റോയ്‌നിസിന്റെ കരുത്തുറ്റ ഷോട്ടുകള്‍ മൂന്നു തവണഅതിര്‍ത്തി വര കടന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പിടിയയഞ്ഞു. ബൗണ്ടറി പറത്തിയാണ് സ്‌റ്റോയ്‌നിസ് ഓസീസിന്റെ വിജയ റണ്‍സ് കുറിച്ചത്. രണ്ടു വിക്കറ്റ് സ്വന്തമാക്കിയ ആന്റിച്ച് നോര്‍ട്ടിയ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരില്‍ മുമ്പന്‍. കാഗിസോ റബാഡയും കേശവ് മഹരാജും ടബ്രൈസ് ഷംസിയും ഓരോരുത്തരെ വീതം പുറത്താക്കി.
നേരത്തെ, ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരില്‍ എയ്ദന്‍ മാര്‍ക്രം (40, മൂന്ന് ഫോര്‍, ഒരു സിക്സ്) മാത്രമേ പിടിച്ചുനിന്നുള്ളൂ. ക്യാപ്റ്റന്‍ തെംബ ബാവുമ (12), ക്വിന്റ ഡി കോക്ക് (7), റാസി വാന്‍ ഡെര്‍ ഡുസെന്‍ (2), ഹെന്റിച്ച് ക്ലാസന്‍ (13), ഡേവിഡ് മില്ലര്‍ (16) എന്നിവരെല്ലാം പരാജയമായി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെസല്‍വുഡും ആദം സാംപയും രണ്ടു വിക്കറ്റുവീതം പിഴുതു. പാറ്റ് കമ്മിന്‍സിനും ഗ്ലെന്‍ മാക്സ്വെല്ലിനും ഓരോ ഇരകളെ വീതം ലഭിച്ചു. ഹെസല്‍വുഡ് പ്ലേയര്‍ ഓഫ് ദ മാച്ച്.