അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ ഇന്ത്യയ്ക്കെതിരായ ഓസ്ട്രേലിയയുടെ മൂന്നാം തോല്‍വിയെക്കുറിച്ച് വിലയിരുത്തലുമായി മുന്‍ താരം സൈമണ്‍ കാറ്റിച്ച്. മാക്‌സ്‌വെല്ലിന്റെ അഭാവമാണ് ഓസീസിന്റെ 20 റണ്‍സ് തോല്‍വിയ്ക്ക് കാരണമെന്ന് സൈമണ്‍ കാറ്റിച്ച് പറഞ്ഞു. ഏകദിന ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന മാക്‌സ്‌വെല്‍ മൂന്നാം ടി20യ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരെ ഓസ്ട്രേലിയന്‍ ബാറ്റര്‍മാരുടെ ദൗര്‍ബല്യത്തെക്കുറിച്ചും സൈമണ്‍ സംസാരിച്ചു.
നാലാം ടി20യില്‍ ഗ്ലെന്‍ മാക്സ്വെല്ലില്ലാത്തതിനാല്‍ ഓസ്ട്രേലിയ 20 റണ്‍സിന് തോറ്റു. ഇന്നല്ല, പരമ്പരയിലുടനീളം ഓസീസ് ബാറ്റര്‍മാര്‍ക്ക് സ്പിന്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. നേരെ പോകുന്നതിനുപകരം അവര്‍ ക്രോസ് ബാറ്റഡ് ഷോട്ടുകള്‍ കളിച്ചു. അവര്‍ക്ക് കുറച്ച് വ്യത്യസ്തമായി കളിക്കാമായിരുന്നു- സൈമണ്‍ കാറ്റിച്ച് പറഞ്ഞു.
പരമ്പരയിലെ നാലാം മത്സരത്തില്‍ 20 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ ഒരു മത്സരം ശേഷിക്കേ പരമ്പര സ്വന്തമാക്കി(3-1). ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 23 പന്തില്‍ നിന്ന് 36 റണ്‍സുമായി ക്യാപ്റ്റന്‍ മാത്യു വെയ്ഡ് പൊരുതി നോക്കിയെങ്കിലും അത് ടീമിനെ വിജയത്തിലെത്തിക്കാന്‍ പോന്നതായില്ല.
നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലും 17 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിയുമാണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.