പോണ്ടിംഗ് വീണ്ടും ഓസ്‌ട്രേലിയന്‍ ടീമില്‍!

ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ്ങ് ഒരിക്കല്‍ക്കൂടി ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു. കങ്കാരുപ്പടയുടെ പരിശീലകനായാണ് മുന്‍ നായകന്‍ വീണ്ടും എത്തുന്നത്. ഓസ്ട്രേലിയയുടെ ട്വന്റി-20 ടീമിന്റെ സഹപരിശീലകനായാണ് പോണ്ടിങ്ങിനെ നിയമിച്ചിരിക്കുന്നത്.

അടുത്ത മാസം നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയ്ക്ക് മുന്‍പ് പോണ്ടിങ് ചുമതലയേല്‍ക്കും. മുന്‍ ഓസ്ട്രേലിയന്‍താരം ഡാരന്‍ ലീമാനാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. സഹതാരമായിരുന്നു ജേസണ്‍ ഗില്ലെസ്പിയും ടീമിന്റെ സഹപരിശീലകനായി സേവനം അനുഷ്ടിക്കുന്നുണ്ട്.

2020 ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയുടെ പരിശീലകനായി റിക്കി പോണ്ടിംഗ് എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 019 ആഷസ് പരമ്പരയോടെ ഡാരന്‍ ലേമാന്‍ തന്റെ ഓസ്ട്രേലിയന്‍ കോച്ചിംഗ് കരിയറിനു വിരാമമിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്ക് നയിക്കുവാനായത് പോണ്ടിംഗിനു ഗുണകരമാകുമെന്നാണ് വിലയിരുത്തലുണ്ടായിരുന്നു. നേരത്തെ ഓസ്ട്രേലിയയുടെ ടി20 ടീം ശ്രീലങ്കയുമായി മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഏറ്റുമുട്ടിയപ്പോള്‍ കോച്ചിംഗ് സ്റ്റാഫായി ജേസണ്‍ ഗില്ലെസ്പി, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരോടൊപ്പം റിക്കി പോണ്ടിംഗും എത്തിയിരുന്നു. അന്ന് ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം ഇന്ത്യന്‍ പര്യടനത്തിനായി തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ടി20 ടീമിന്റെ പരിശീലകരായി മുന്‍ താരങ്ങള്‍ ഒത്തുകൂടിയത്.

ടീം പരിശീലകനായി നിയമിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനത്തില്‍ പോണ്ടിംഗ് സന്തോഷം പ്രകടിപ്പിച്ചു. പോണ്ടിങ്ങിനെ സഹപരിശീലകനാക്കിയതിനെ മുഖ്യപരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും സ്വാഗതം ചെയ്തു.