അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറി. വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്റെ മനോഭാവം ചൂണ്ടിക്കാണിച്ചാണ് ഓസ്ട്രേലിയയുടെ പിന്മാറ്റം. ഒരു കായിക മത്സരങ്ങളിലും വനിതകളുടെ സാന്നിധ്യം അനുവദിക്കില്ലെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
‘വനിതാ ക്രിക്കറ്റിന്റെ ആഗോള തലത്തിലെ വളര്‍ച്ചയ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ വളരെ അധികം പ്രാധാന്യം നല്‍കുന്നു. എല്ലാവര്‍ക്കും ഭാഗമാവാനാവുന്നതാണ് ക്രിക്കറ്റ്. അഫ്ഗാനിസ്ഥാനില്‍ വനിതാ ക്രിക്കറ്റിന് പിന്തുണ ലഭിക്കില്ല എന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹോബര്‍ട്ടില്‍ നടക്കാനിരുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നു.’ പ്രസ്താവനയില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
എന്നാല്‍ ഐ.സി.സിയില്‍ അംഗങ്ങളായിട്ടുള്ള രാജ്യങ്ങള്‍ക്ക് ഒരു വനിതാ ദേശീയ ടീം ഉണ്ടായിരിക്കണം എന്നാണ് മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് കളിക്കാന്‍ അനുമതിയുള്ളത്. വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയതോടെ ഐ.സി.സിയുടെ തീരുമാനം എന്താകുമെന്നാണ് ഇനി അറിയേണ്ടത്.