Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

കോഹ്ലിയുടെ തന്ത്രം പിഴച്ചു, കോട്ടകാത്ത് ഓസ്‌ട്രേലിയ

, 12:44 pm

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ഡിക്ലയറിംഗ് അപ്രതീക്ഷിതമായിരുന്നു. രണ്ടാം ദിവസം അവസാനിക്കാന്‍ ആറ് ഓവര്‍ മാത്രം അവശേഷിക്കേയാണ് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. രണ്ടാം ദിവസം മത്സരം അവസാനിപ്പിക്കും മുമ്പ് ഓസ്‌ട്രേലിയയെ ബാറ്റിംഗിനിറക്കാനും സമ്മര്‍ദ്ദം മുതലാക്കി വിക്കറ്റ് വീഴ്ത്താനുമാണ് ഇന്ത്യ ശ്രമിച്ചത്.

എന്നാല്‍ ഇന്ത്യയുടെ ഈ തന്ത്രം വിജയിച്ചില്ല. വിക്കറ്റൊന്നും നഷ്ടപ്പെടാതെ എട്ട് റണ്‍സുമായി ഓസ്‌ട്രേലിയ രണ്ടാം ദിവസം അവസാനിപ്പിക്കുകയായിരുന്നു. അഞ്ച് റണ്‍സെടുത്ത് ഹാരിസും മൂന്ന് റണ്‍സെടുത്ത് ഫിഞ്ചുമാണ് ഓസീസ് നിരയില്‍ ക്രീസില്‍.

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഏഴിന് 443 റണ്‍സ് എന്ന നിലയിലാണ് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. 63 റണ്‍സുമായി രോഹിത്ത് പുറത്താകാതെ ബാറ്റിംഗ് തുടരുന്നതിനിടേയാണ് ഇന്ത്യ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

114 പന്തുകള്‍ നേരിട്ട രോഹിത്ത് അഞ്ച് ബൗണ്ടറി സഹിതമാണ് 63 റണ്‍സെടുത്തത്. ഇതോടെ ഇന്ത്യ ജയം ലക്ഷ്യമാക്കി കരുക്കള്‍ നീക്കുകയാണെന്ന് വ്യക്തമായി. ഓസ്‌ട്രേലിയയെ കുറഞ്ഞ സ്‌കോറിന് പുറത്താക്കാനാകും ഇന്ത്യ ലക്ഷ്യമിടുക. 39 റണ്‍സെടുത്ത പന്തും തൊട്ട് പിന്നാലെ നാല് റണ്‍സുമായി ജഡേജയും പുറത്തായതോടെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

രോഹിത്തിനെ കൂടാതെ സെഞ്ച്വറി നേടിയ പൂജാരയുടേയും അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കോഹ്ലിയുടേയും മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചത്.

രണ്ടിന് 215 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ച ശേഷമാണ് പൂജാരയും കോഹ്ലിയും മടങ്ങിയത്. 319 പന്തുകള്‍ നേരിട്ട പൂജാര 10 ബൗണ്ടറി സഹിതം 106 റണ്‍സ് സ്വന്തമാക്കി. കോഹ്ലിയാകട്ടെ 204 പന്തില്‍ ഒന്‍പത് ബൗണ്ടറികളുടെ സഹായത്തോടെ 82 റണ്‍സാണ് നേടിയത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 170 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. പിന്നീട് രാഹാന 34 റണ്‍സെടുത്ത് പുറത്തായി.

ആദ്യ ദിനം ഇന്ത്യയ്ക്കായി അരങ്ങേറിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 161 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 76 റണ്‍സാണ് അഗര്‍വാള്‍ നേടിയത്. മറ്റൊരു പുതുമുഖ താരം ഹനുമ വിഹാരി എട്ട് റണ്‍സെടുത്ത് പുറത്തായി.

Advertisement