പെര്‍ത്തിലും നാണംകെട്ട ഇംഗ്ലണ്ട്! ആഷസ് പരമ്പര ഓസ്‌ട്രേലിയക്ക്

അഷസ് പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റിലും ഇംഗ്ലണ്ടിന് തോല്‍വി. ഇന്നിംഗ്‌സിനും 41 റണ്‍സുമാണ് ഇംഗ്ലണ്ട് കൂറ്റന്‍ തോല്‍വി ഏറ്റുവുങ്ങിയത്. മഴ മൂലം വൈകി തുടങ്ങിയ അവസാന ദിവസം പിച്ച് ബാറ്റ്‌സ്മാന്‍മാരുടെ ശവക്കുഴി ആയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഇതോടെ ആഷസ് പരമ്പരയും ഓസ്‌ട്രേലിയ സ്വന്തമാക്കി. സ്‌കോര്‍ ഇംഗ്ലണ്ട്- 403, 218 ഓസ്‌ട്രേലിയ 662/9.

നാലിന് 132 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിവസം തുടങ്ങിയ ഇംഗ്ലണ്ടിന് കണക്കുകൂട്ടലുകളെല്ലാം പിഴക്കുകയായിരുന്നു. മത്സരം തുടങ്ങിയ അധികം കഴിയുന്നതിന് മുന്നേ അവര്‍ക്ക് ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍‌സ്റ്റോവിന്റെ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത ബെയര്‍‌സ്റ്റോവ് ഹേസല്‍ വുഡിന്റെ പന്തില്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 133-5.

തുടര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ 172 റണ്‍സുള്ളപ്പോള്‍ മോയിന്‍ അലിയും 196 ല്‍ എത്തിയപ്പോള്‍ ദാവീദ് മലനും പവലിയനില്‍ തിരിച്ചെത്തി. പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മികച്ച രീതിയില്‍ പന്തെറിഞ്ഞ ജോഷ് ഹേസല്‍ വുഡ് അഞ്ചും നഥാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ടും വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

Read more

ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ചിരുന്ന ഓസ്‌ട്രേലിയ പെര്‍ത്തിലും ജയിച്ചതോടെ പരമ്പരയും സ്വന്തമാക്കി. ബ്രിസ്‌ബേനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിനും അഡലെയ്ഡില്‍ നടന്ന രണ്ടാം മത്സരത്തില്‍ 120 റണ്‍സിനുമായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. പരമ്പരയിലെ നാലാം ടെസ്റ്റ് ഡിസംബര്‍ 26-ം തീയതി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കും.