പെർത്തിൽ ഓസ്‌ട്രേലിയൻ ഡെത്ത്; തുടക്കം ഗംഭീരമാക്കി ഇന്ത്യ; ഇത് ടീം ഗെയിമിന്റെ വിജയം

ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് 295 റൺസ് വിജയം. നാലാം ദിനത്തിൽ 12/3 എന്ന നിലയിൽ തുടങ്ങിയ ഓസ്‌ട്രേലിയ 238 റൺസിന്‌ ഓൾ ഔട്ട് ആയി. ഇന്ത്യക്ക് വേണ്ടി തകർപ്പൻ ബോളിങ് പ്രകടനം മാത്രമല്ല സാഹചര്യം അനുസരിച്ചുള്ള പദ്ധതിയും സജ്ജമാക്കിയ ബുംറയുടെ മികവിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ പൂട്ടിയത്.

ബോളിങ്ങിൽ ക്യാപറ്റൻ ജസ്പ്രീത് ബുംറ 3 വിക്കറ്റുകളും, മുഹമ്മദ് സിറാജ് 3 വിക്കറ്റുകളും, വാഷിംഗ്‌ടൺ സുന്ദർ 2 വിക്കറ്റുകളും, നിതീഷ് കുമാർ റെഡ്‌ഡി, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. ഓസ്‌ട്രേലിയക്ക് വേണ്ടി ലീഡ് സ്‌കോറർ ആയത് ട്രാവിസ് ഹെഡ് ആയിരുന്നു. 101 പന്തിൽ 89 റൺസ് ആണ് താരം നേടിയത്. കൂടാതെ മിച്ചൽ മാർഷ് 67 പന്തിൽ 47 റൺസും, അലക്സ് ക്യാരി 58 പന്തിൽ 36 റൺസ് നേടി ഭേദപ്പെട്ട പ്രകടനങ്ങൾ കാഴ്ച വെച്ചു.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 150 നു പുറത്തായപ്പോൾ ഓസ്‌ട്രേലിയയ്ക്ക് 104 റൺസ് മാത്രമേ നേടാൻ സാധിച്ചൊള്ളു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ യശസ്‌വി ജയ്‌സ്വാൾ (297 പന്തിൽ 161 റൺസ്) കെ എൽ രാഹുൽ (176 പന്തിൽ 77 റൺസ്) എന്നിവർ ഗംഭീര തുടക്കം നൽകി. തുടർന്ന് വന്ന വിരാട് കോഹ്ലി (143 പന്തിൽ 100* റൺസ്) നിതീഷ് കുമാർ റെഡ്‌ഡി (27 പന്തിൽ 38 റൺസ്) വാഷിംഗ്‌ടൺ സുന്ദർ (94 പന്തിൽ 29 റൺസ്) ദേവദത്ത് പടിക്കൽ (71 പന്തിൽ 25 റൺസ്) എന്നിവരുടെ മികവിൽ ഇന്ത്യ 533 റൺസിന്റെ ലീഡ് സ്കോർ ആണ് ഉയർത്തിയിരുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നിലവിൽ ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ ഇനി മൂന്നു ടെസ്റ്റ് മത്സരങ്ങൾ കൂടി വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനലിലേക്കുള്ള ടിക്കറ്റ് ലഭിക്കൂ.

Read more